മലപ്പുറം: 'പാലിൽ മുക്കിയ തേനിൽ മുക്കിയ ആയിരമായിരം അഭിവാദ്യങ്ങൾ' .... പ്രിയനേതാവിനെ കണ്ടതോടെ കോളേജ് പരിസരം മുദ്രാവാക്യം വിളികളാൽ മുഖരിതമായി. വേനൽച്ചൂടിലും തളരാതെ വിദ്യാർത്ഥികളുടെ ആവേശം നുരഞ്ഞുപൊങ്ങി.
പരീക്ഷാക്കാലമായതിനാൽ ഉറങ്ങിക്കിടന്ന മലപ്പുറം ഗവ. കോളേജ് കാമ്പസിനെ പിടിച്ചുണർത്തിയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ രണ്ടാംഘട്ട പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ പത്തരയോടെ സ്ഥാനാർത്ഥിയെത്തുമെന്ന വിവരമറിഞ്ഞ് കാമ്പസിന് മുന്നിൽ വിദ്യാർത്ഥികൾ തടിച്ചുകൂടി. ഇതിനിടെ കാമ്പസിൽ നിന്നും എം.എസ്.എഫിന്റെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിച്ച് റാലിയെത്തി. പി.കെ.കെ എന്നെഴുതിയ തലക്കെട്ടണിഞ്ഞെത്തിയ വിദ്യാർത്ഥികൾക്കിടയിലേക്ക് സ്വതസിദ്ധമായ ശൈലിയിൽ കൈവീശി പ്രിയങ്കരനായ കുഞ്ഞാപ്പയുടെ കടന്നുവരവ്. പച്ചമാല അണിയിച്ച് വിദ്യാർത്ഥിനിയാണ് ആദ്യം സ്വീകരിച്ചത്. തൊട്ടുപിന്നാലെ മാലകളുടെ കൂട്ടം. ആരേയും നിരാശപ്പെടുത്തിയില്ല. ഇതിനിടെ വിദ്യാർത്ഥികളുടെ സെൽഫിയും. പെൺകുട്ടികളായിരുന്നു സെൽഫി ആവേശത്തിൽ മുന്നിൽ. വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം കുഞ്ഞാലിക്കുട്ടി സെൽഫിയുമെടുത്ത് നൽകി. അൽപ്പം മുന്നോട്ടുനിന്നാൽ എല്ലാവരെയും കിട്ടുമെന്ന വിദ്യാർത്ഥികളുടെ നിർദ്ദേശവുമനുസരിച്ചു. തനിക്ക് വോട്ടു ചെയ്യണമെന്ന അഭ്യർത്ഥനയ്ക്കൊപ്പം സമകാലിക രാഷ്ട്രീയാവസ്ഥ സംബന്ധിച്ച ചെറുപ്രസംഗവും നടത്തി നേരെ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക്. ഇതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവർമാർക്കൊപ്പം സെൽഫിയെടുത്തു. മടിച്ചുനിന്ന ഓട്ടോക്കാരെയും ഫോട്ടോയിലേക്ക് കൂട്ടിവിളിക്കാൻ കുഞ്ഞാലിക്കുട്ടി മറന്നില്ല. കൂടിനിന്നവരോടെല്ലാം വോട്ടഭ്യർത്ഥിച്ച് നേരെ ഗവ. വനിതാകോളേജിലേക്ക്. കടമുറികൾക്ക് മുകളിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിലേക്കെത്തിയ കുഞ്ഞാലിക്കുട്ടിയെ കാത്തിരിപ്പുണ്ടായിരുന്നു വിദ്യാർത്ഥിനികൾ. മാദ്ധ്യമഫോട്ടോഗ്രാഫർമാർ ചിത്രം പകർത്തുന്നതിനിടെ സെൽഫിയെടുക്കാൻ അനുവാദം ചോദിച്ച വിദ്യാർത്ഥിനികളോട് ' നിങ്ങളുടെ സെൽഫിയും നടക്കട്ടെ, അവരുടെ ഫോട്ടോയും നടക്കട്ടെയെന്ന് ' സ്വതസിദ്ധ ശൈലിയിൽ ചിരിയോടെ മറുപടിയേകി. വോട്ടഭ്യർത്ഥിക്കാനാണ് വന്നതെന്ന മുഖവുരയോടെ കുഞ്ഞാലിക്കുട്ടി വിദ്യാർത്ഥിനികളുമായി അൽപ്പസമയം സംവദിച്ചു. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിൽ ചെന്നും വോട്ടഭ്യർത്ഥിച്ചു. പി. ഉബൈദുള്ള എം.എൽ.എയും ഡി.സി.സി സെക്രട്ടറി കെ.എം. ഗിരിജയുമടക്കമുള്ളവർ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് മലപ്പുറം ഐ.എച്ച്.ആർ.ഡി കോളേജിലേക്കും മേൽമുറി പ്രിയദർശിനി കോളേജിലേക്കുമെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഉച്ചയോടെ അത്താണിക്കൽ എം.ഐ.സി കോളേജിലെത്തി. തുടർന്ന് വിശ്രമം കഴിഞ്ഞ് വൈകിട്ട് നാലോടെ മുന്നിയൂർ പഞ്ചായത്തിലെത്തി. അരിയല്ലൂർ കൊടക്കാടും വള്ളിക്കുന്ന് അത്താണിക്കലിലും വൈകിട്ട് അഞ്ചരയോടെ പള്ളിക്കൽ ബസാറിലുമൊരുക്കിയ സ്വീകരണങ്ങളിലും സംഗമങ്ങളിലും പങ്കെടുത്തു. രാത്രി ഏഴോടെ ചേലേമ്പ്ര ഇടിമുഴീക്കലിൽ നിന്നാരംഭിച്ച പ്രചാരണം തേഞ്ഞിപ്പലം ആലുങ്ങലിലും പെരുവള്ളൂർ പറമ്പിൽപീടികയിലുമെത്തി. ഒമ്പതോടെ കരിപ്പൂർ കുമ്മിണിപ്പറമ്പിലെ അവസാന സ്വീകരണ കേന്ദ്രത്തിൽ.അവിടെയും ആളുകൾ തിങ്ങിക്കൂടിയിരുന്നു. എല്ലായിടത്തും അരമണിക്കൂറോളം ചെലവിട്ടായിരുന്നു പ്രചാരണവും വോട്ടഭ്യർത്ഥിക്കലും. യു.ഡി.എഫ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇവിടങ്ങളിലെല്ലാം രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.