പൊന്നാനി: 2009ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിച്ച ഇടതുമുന്നണിയും പി.ഡി. പിയും ഇത്തവണ നേർക്കുനേർ മത്സരിക്കുമ്പോൾ നേട്ടവും കോട്ടവും എങ്ങിനെയാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. സി.പി.എമ്മും പി.ഡി.പിയും കൈകോർത്ത 2009ലെ പരീക്ഷണത്തിന് പ്രത്യക്ഷ വേദിയായത് പൊന്നാനിയായിരുന്നു. സി.പി.ഐയുടെ കൈയിൽ നിന്ന് പൊന്നാനി സീറ്റ് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. മുസ്ലിം ലീഗിനെതിരെ പൊതുസമ്മതനായ സ്ഥാനാർത്ഥിയായാണ് ഡോ.ഹുസൈൻ രണ്ടത്താണിയെ സി.പി.എം രംഗത്തിറക്കിയത്. സി.പി.എമ്മിന്റെ പരീക്ഷണത്തിന് പി.ഡി.പി പരസ്യ പിന്തുണ നൽകുകയും ചെയ്തു.
കുറ്റിപ്പുറത്തു നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅദനിയും അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും വേദി പങ്കിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും ശേഷവും ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിൽ നിന്ന് നല്ല തോതിൽ കുറയ്ക്കാൻ പൊന്നാനിയിലെ രാഷ്ട്രീയ പരീക്ഷണം സഹായിച്ചെങ്കിലും സംസ്ഥാന തലത്തിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 2014ൽ മനസ്സാക്ഷി വോട്ടിനൊപ്പം നിന്ന പി.ഡി.പി ഇത്തവണ കരുത്തനായ പൂന്തുറ സിറാജിനെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.
പൂന്തുറ സിറാജിന്റെ സ്ഥാനാർത്ഥിത്വം ആരുടെ വോട്ടുകളിലാണ് ഇടിവുണ്ടാക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2004 ൽ ഒറ്റയ്ക്ക് മത്സരിച്ച പി.ഡി.പി പൊന്നാനിയിൽ 42570 വോട്ട് നേടിയിരുന്നു. 2009 ൽ പി.ഡി.പി വോട്ടുകൾ പൂർണ്ണമായും ഇടതുപക്ഷത്തിനൊപ്പം നിന്നു. 2014ൽ ഇരു മുന്നണികൾക്കും വീതിച്ചു പോയിട്ടുണ്ടാകാമെങ്കിലും ഇടതുമുന്നണിക്കായിരിക്കും കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുണ്ടാവുകയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 2019ൽ കരുത്തനായ പൂന്തുറ സിറാജിനെ രംഗത്തിറക്കിയതിലൂടെ 2004 ലെ വോട്ടിനേക്കാൾ കൂടുതൽ നേടുകയെന്നതാണ് പി.ഡി.പി ലക്ഷ്യമിടുന്നത്. 2004 ലെ സംഘടനാശേഷി പി.ഡി.പിക്ക് ഇല്ലെന്നിരിക്കെ മുസ്ലിം ലീഗ് വോട്ടുകൾക്കു മേലാണ് പൂന്തുറ സിറാജ് കണ്ണുവയ്ക്കുന്നത്. ലീഗ് സ്വാധീന മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടികളാണ് നടക്കുന്നത്. പി. ഡി.പിയുടെ സാന്നിദ്ധ്യം ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന വോട്ടുകളിലും ചോർച്ചയുണ്ടാക്കും. ഇടതുപക്ഷത്തോട് പുലർത്തിയിരുന്ന ആഭിമുഖ്യവും മുസ്ലിം ലീഗിനോടുള്ള അകൽച്ചയും പി.ഡി. പിയുടെ വോട്ട് സമാഹരണത്തിൽ പ്രകടമാകും
ചെറുപാർട്ടികൾ നിർണ്ണായകമാവും
പി.ഡി.പിക്ക് പുറമെ എസ്.ഡി.പി.ഐ യുടെ ശക്തമായ സാന്നിദ്ധ്യവും വെൽഫെയർ പാർട്ടിയുടെ നിലപാടും പൊന്നാനിയിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.എസ്.ഡി.പി.ഐ 26,640 വോട്ടാണ് കഴിഞ്ഞ തവണ നേടിയത്. ഇത്തവണ വോട്ടിംഗ് നില മെച്ചപ്പെടുത്തുമെന്നാണ് എസ്.സി. പി.ഐയുടെ അവകാശവാദം. എസ്.ഡി.പി.ഐ കൂടുതലായി പിടിക്കുന്ന വോട്ടുകൾ യു.ഡി. എഫിനായിരിക്കും പ്രധാനമായി ക്ഷീണമുണ്ടാക്കുക. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഇരകളുടെ പ്രതിനിധി ഇത്തവണ മത്സര രംഗത്തുണ്ടാകും.കഴിഞ്ഞ തവണ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെയാണ് ഇവർ മത്സരിച്ചത്.11034 വോട്ടുകൾ നേടിയിരുന്നു.
കടുത്ത മത്സരം നടക്കുന്ന പൊന്നാനിയിൽ ചെറു പാർട്ടികൾ നേടുന്ന വോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിക്കും.ഏത് തരത്തിലായിരിക്കും ഈ വോട്ടുകൾ പ്രധാന കക്ഷികളെ സ്വാധീനിക്കുകയെന്നത് വ്യക്തമല്ല. യു.ഡി.എഫിനകത്തെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും അടിയൊഴുക്കിനുള്ള സാദ്ധ്യതകൾ തള്ളാനാകില്ല.
.