മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരിൽ വിവിധ ബാങ്കുകളിലും ട്രഷറിയിലുമായുള്ളത് 59.04 ലക്ഷം രൂപയുടെ നിക്ഷേപം. ഭാര്യ കെ.എം. കുത്സുവിന്റെ പേരിൽ 2.42 കോടിയുടെ നിക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാർഷിക വരുമാനം 13.53 ലക്ഷവും ഭാര്യയുടെ വരുമാനം 13.91 ലക്ഷവുമാണ്. കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1,20,000 രൂപയും ഭാര്യയുടെ കൈവശം 1,60,000 രൂപയുമുണ്ട്. വിവിധ സ്ഥലങ്ങളിലെ ഭൂമിക്കും കാരാത്തോട്ടെ വീടിനുമായി 1.97 കോടിയാണ് വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. വാഹനമില്ല. രണ്ട് വാണിജ്യ കെട്ടിടങ്ങളുണ്ട്. ഭാര്യയുടെ പേരിൽ 13 ലക്ഷത്തിന്റെ കാറും കോഴിക്കോട് 30 ലക്ഷത്തിന്റെ അപ്പാർട്ട്മെന്റും 25.33 ലക്ഷത്തിന്റെ സ്വർണവുമുണ്ട്. 8.64 ലക്ഷത്തിന്റെ ഷെയറുമുണ്ട്.
ഇ.ടിയുടെ കൈവശം 35,000 രൂപ
പൊന്നാനിയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ കൈവശം 35,000 രൂപയും ഭാര്യയുടെ കൈവശം 5,500 രൂപയുമുണ്ട്. നാമനിർദ്ദേശ പത്രിക പ്രകാരമാണിത്. വാഴക്കാട്ടെ വീടിനും സ്ഥലത്തിനുമായി 46.37 ലക്ഷമാണ് കമ്പോള വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. പിന്തുടർച്ചയായി കിട്ടിയ 77 സെന്റ് ഭൂമിക്ക് 56.23 ലക്ഷം രൂപ വിലമതിക്കും. ബാങ്ക് വായ്പകളോ ബാദ്ധ്യതകളോയില്ല. പതിനായിരം രൂപയുടെ ഷെയറും 2010 മോഡൽ ആൾട്ടോ കാറുമുണ്ട്. 2,25,000 രൂപയാണ് കാറിന്റെ വില. ഭാര്യയുടെ കൈവശം എട്ടര പവൻ സ്വർണമുണ്ട്. പാർലമെന്റംഗമെന്ന നിലയ്ക്കുള്ള പ്രതിഫലമാണ് വരുമാനമാർഗം. 7.12 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം. ഭാര്യയ്ക്ക് മറ്റു വരുമാനങ്ങളില്ല. ഇ.ടിയുടെ പേരിൽ കേസുകളില്ല.