ggg
കുളത്തൂരിലെ മങ്കട ഗവ: കോളേജിൽ കേരളകൗമുദിയും കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലം ജീവാമൃതം സെമിനാർ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ പി.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: പൊതുജലാശയങ്ങളും ജലസ്രോതസ്സുകളും പൂർവ്വസ്ഥിതിയിലാക്കാനും സംരക്ഷിക്കാനും പുതുതലമുറ മുന്നിട്ടിറങ്ങണമെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ പി.പി. ജയരാജൻ പറഞ്ഞു. കുളത്തൂരിലെ മങ്കട ഗവ: കോളേജിൽ കേരളകൗമുദിയും കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലം ജീവാമൃതം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നാമത് ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിന് വേണ്ടിയാവും. നമ്മുടെ രാജ്യത്ത് തന്നെ സംസ്ഥാനങ്ങൾ തമ്മിൽ വെള്ളത്തിനായി കലഹിക്കുന്നുണ്ട്. മാറുന്ന സാഹചര്യത്തിൽ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു.

കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളും സന്നദ്ധ സംഘടനകളും ഓരോ പഞ്ചായത്തുകൾ തോറും ഏറ്റെടുത്ത് കിണർ റീച്ചാർജിംഗ്, മഴക്കുഴികൾ, ചെറു തടയണകൾ എന്നിവ നിർമ്മിച്ച് ഭൂമിയിൽ ജല സംഭരണത്തിന് മാർഗ്ഗങ്ങൾ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ വാട്ടർ അതോറിറ്റി സൂപ്രണ്ട് എൻജിനീയർ വി.പ്രസാദ് അഭിപ്രായപ്പെട്ടു.

ജല സംരക്ഷണത്തിന്റെ ആവശ്യകതയും ജലം മിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങളും സംബന്ധിച്ച് ക്യു.സി.ഡി.എൽ സീനിയർ കെമിസ്റ്റ് എസ്.സജീഷിന്റെ ക്ലാസ് ഏറെ ശ്രദ്ധേയമായി

കോളേജ് പ്രിൻസിപ്പൽ ഡോ.വീരമണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പെരിന്തൽമണ്ണയിലെ സിഗ്നേച്ചർ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ സജേഷ് തിപ്പിലിക്കാട്, മഞ്ചേരിയിലെ വൈറ്റൽ അക്വാ മാനേജിംഗ് ഡയറക്ടർമാരായ എൻ.എം. മഷ്ഹൂദ്,​ മനോജ് അബ്ദുറഹ്മാൻ,​ പെരിന്തൽമണ്ണയിലെ ബെറ്റർ കെയർ മാനേജിംഗ് ഡയറക്ടർ സുഹ്റ ആഷ് എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം ഡെപ്യൂട്ടി കളക്ടർ പി.പി.ജയരാജൻ കൈമാറി.

കേരളകൗമുദി മലപ്പുറം യൂണിറ്റ് മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി, സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സനൂപ് വാസുദേവൻ, പെരിന്തൽമണ്ണ ലേഖകൻ എം.എൻ.ഗിരീഷ് എന്നിവർ സന്നിഹിതരായിരുന്നു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ സുരേഷ് കുമാർ സ്വാഗതവും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.അബ്ദുൾ വഹാബ് നന്ദിയും പറഞ്ഞു.