പൊന്നാനി: കൊണ്ടോട്ടിയിലെ കൂടിക്കാഴ്ചയിൽ പൊന്നാനിയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന് പിന്തുണ നൽകണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടതായി എസ്.ഡി.പി.ഐ പൊന്നാനി ലോക് സഭ മ ണ്ഡലം സ്ഥാനാർത്ഥി അഡ്വ.കെ.സി. നസീർ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളുമായി കൊണ്ടോട്ടിയിൽ നടത്തിയത് രാഷ്ട്രീയ ചർച്ചയായിരുന്നു. മൂത്രമൊഴിക്കാൻ കയറിയപ്പോഴുള്ള അവിചാരിത കണ്ടുമുട്ടലായിരുന്നു കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ ഉണ്ടായതെന്ന് പറഞ്ഞാൽ അരി ഭക്ഷണം കഴിക്കുന്നവരാരും വിശ്വസിക്കില്ല. പൊന്നാനിയിൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച എസ്.ഡി.പി.ഐ മുസ്ലിം ലീഗ് ചർച്ചയ്ക്ക് വിളിച്ചപ്പോൾ പങ്കെടുത്തത് ദേശീയ രാഷ്ട്രീയത്തിലെ സഹകരണത്തെ കുറിച്ച് സംസാരിക്കാനായിരുന്നു. എന്നാൽ പൊന്നാനിയിലെ സഹകരണമെന്ന പരിമിതമായ കാര്യം മാത്രമാണ് മുസ്ലിം ലീഗ് നേതാക്കൾക്ക് പറയാനുണ്ടായിരുന്നത്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ച് മുസ്ലിം ലീഗിന് പിന്തുണ നൽകുകയെന്നത് സാദ്ധ്യമല്ലെന്നത് വ്യക്തമാക്കിയിരുന്നതായും കെ.സി. നസീർ പറഞ്ഞു.
കൊണ്ടോട്ടിയിൽ ഉണ്ടായത് യാദൃശ്ചികമായ ഒത്തുചേരൽ മാത്രമായിരുന്നുവെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. അത്രമാത്രമല്ല ഉണ്ടായത് ?
തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കൂടിയിരിക്കണമെന്ന് ആവശ്യപ്പെട്ടത് മുസ്ലിം ലീഗായിരുന്നു. കൂടിക്കാഴ്ച്ചയിലുണ്ടായ കാര്യങ്ങൾ ആദ്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയ ചർച്ചയിൽ കാണിക്കേണ്ട മാന്യത ഓർത്താണ്. പൊന്നാനി മണ്ഡലത്തിലെ സഹകരണ കാര്യത്തിൽ മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കപ്പെടാതായതോടെയാണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന മനഃസ്ഥിതി ലീഗ് നേതൃത്വം സ്വീകരിച്ചത്. ആയിരം വട്ടം തോറ്റാലും എസ്.ഡി.പി.ഐ യുടെ വോട്ട് വേണ്ടെന്ന് പറയുന്ന പി.കെ. ഫിറോസും കെ.എം. ഷാജിയും എം.കെ. മുനീറും ലീഗിൽ ഉണ്ടായിരിക്കെയാണ് നേതാക്കൾ എസ്.ഡി.പി.ഐയുമായി ചർച്ചയ്ക്ക് വന്നത്. ഇക്കാര്യത്തിൽ ഇനിയും പറയാത്ത കാര്യങ്ങൾ ഉണ്ടാകാം. ലീഗിലെ മുതിർന്ന നേതാക്കൾ എടുക്കുന്ന തീരുമാനം യൂത്ത് ലീഗിന്റെ പ്രധാന ഭാരവാഹികൾ പോലും അറിയുന്നില്ലെന്നതാണ് എസ്.ഡി.പി.ഐയുടെ കാര്യത്തിൽ പി.കെ. ഫിറോസ് ഉൾപ്പെടെയുള്ള യുവജന നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
എസ്.ഡി.പി.ഐ ഏതെങ്കിലും ഘട്ടത്തിൽ വോട്ട് മറിച്ചുനൽകിയിരുന്നോ ?
ഒരിക്കലും പർച്ചേസ് ചെയ്യാനാകാത്ത കേഡർ വോട്ടുകളാണ് എസ്.ഡി.പി.ഐക്കുള്ളത്. അത് കേരളത്തിലെ ഇരുമുന്നണികൾക്കുമറിയാം. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ വോട്ട് വേണമെന്നാവശ്യപ്പെട്ട് വന്നവരോട് രാഷ്ട്രീയം മുന്നിൽ വച്ച് ചർച്ച ചെയ്യാമെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രത്യക്ഷത്തിൽ ഒന്ന് പറയുകയും മാറി നിന്ന് വോട്ട് മറിച്ചുനൽകുകയും ചെയ്യുന്നവർ പൊന്നാനി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെട്ട ശേഷം മറ്റാർക്കും വോട്ട് നൽകിയിട്ടില്ല. 2009ലും 2014ലും എസ്.ഡി.പി. ഐയുടെ വോട്ട് കൊണ്ടാണ് പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ ജയിച്ചതെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കലാണ്. 2009 ലെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എസ്.ഡി.പി.ഐ രൂപീകരിച്ചിട്ടില്ല. അന്ന് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ പരസ്യ പിന്തുണ ഇ.ടിക്കായിരുന്നു. 2014ൽ എസ്.ഡി.പി.ഐ നേടിയ 26640 വോട്ട് ആർക്കും മറിച്ച് നൽകാതിരുന്നതിനാലാണ് 25410 വോട്ടിന് ഇ.ടി. വിജയിച്ചത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പൊന്നാനിയിലെ എസ് .ഡി. പി. ഐ യുടെ ഇടം എങ്ങിനെ ?
2014 ലെ വോട്ടിനേക്കാൾ ഗണ്യമായ വർദ്ധനവ് ഇത്തവണയുണ്ടാകും. ഇരുമുന്നണികളുടെയും ജനവിരുദ്ധ നയത്തിൽ മടുപ്പ് പ്രകടിപ്പിക്കുന്ന വലിയൊരു വിഭാഗം യുവാക്കളുണ്ട്. ബദൽ രാഷ്ട്രീയത്തെയാണ് അവർ ആഗ്രഹിക്കുന്നത്.നരേന്ദ്രമോദിയെ അധികാരത്തിലെത്താൻ സഹായിച്ചത് കോൺഗ്രസാണ്.അഴിമതിയിൽ കൊടികുത്തി വാണ കോൺഗ്രസിനെ മടുത്താണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ഇപ്പോൾ അതേ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പാടുപെടേണ്ട ഗതികേടിലാണ് മതേതര വോട്ടർമാരുള്ളത്. ന്യൂനപക്ഷ സംരക്ഷകരെന്ന് പറയുന്ന ഇടതുപക്ഷം കടുത്ത മുസ്ലിം വിരുദ്ധതയാണ് വച്ചു പുലർത്തുന്നത്. കൊടിഞ്ഞി ഫൈസൽ വധം, റിയാസ് മൗലവി വധം, ഡോ.ഹാദിയ വിഷയം എന്നിവയിൽ ന്യൂനപക്ഷ വിരുദ്ധ നിലപാടായിരുന്നു ഇടതു പക്ഷത്തിന്റേത്. ഇത് പുതിയ വോട്ടർമാർ ചർച്ച ചെയ്യും. യഥാർത്ഥ ബദലിനെ തേടുന്ന പുതിയ വോട്ടർമാർ എസ്.ഡി.പി.ഐക്കൊപ്പം നൽക്കും.
പൊന്നാനിക്കു മുന്നിൽ വയ്ക്കുന്ന രാഷ്ട്രീയവും വികസനവും എന്ത്?
ഫാസിസത്തിനെതിരെ യഥാർത്ഥ ബദൽ എന്നതാണ് രാഷ്ട്രീയം. ഇരുമുന്നണികളുടെയും അവഗണനയിൽ തഴയപ്പെട്ട അനിവാര്യ വികസനമാണ് മുന്നിൽ വയ്ക്കാനുള്ളത്. യുവാക്കൾക്ക് തൊഴിലവസരം, മത്സ്യ ബന്ധന മേഖലയെ ചൂഷകരിൽ നിന്ന് മുക്തമാക്കിയുള്ള സ്വയം പര്യാപ്തത, ഫിഷിംഗ് ഹാർബറുകളുടെ ക്രിയാത്മകമായ ആധുനികവത്ക്കരണം, ആധുനിക വിദ്യാഭ്യാസ സാദ്ധ്യതകൾ സാദ്ധ്യമാക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയാണ് അടിയന്തരമായി സാദ്ധ്യമാകേണ്ടത്.