മലപ്പുറം: കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് വികസന കാര്യങ്ങളിൽ ഒട്ടും താൽപ്പര്യമില്ലെന്നു മാത്രമല്ല വികസനം ഇവരുടെ അജൻഡയിലേയില്ലെന്നും മലപ്പുറം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മങ്കട നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷനുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇക്കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുടനീളം ഇരു സർക്കാരുകളും വികസനത്തിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയഭരണമാറ്റത്തിനായി ജനം കാതോർക്കുകയാണ്. ഏകാധിപതികളായ മോദിയേയും പിണറായിയെയും തൂത്തെറിയാൻ വേണ്ടി പാർലമെന്റ് തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം.സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണ്. ഓരോ കൊലപാതകങ്ങളും മറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ അടുത്ത കൊലപാതകം അരങ്ങേറുന്നു. ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്താൻ യു.ഡി.എഫിന് വോട്ടുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.