തിരൂർ: എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫ.വി.ടി.രമയെ അസഭ്യം പറഞ്ഞ അദ്ധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച മലയാള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.നിവേദിത ഉദ്ഘാടനം ചെയ്തു. ഭാഷാപിതാവിന്റെ മണ്ണിൽ വച്ച് ഒരു സ്ത്രീ അവഹേളിക്കപ്പെടുന്നത് മലയാളത്തിന് തന്നെ നാണക്കേടാണെന്ന് അവർ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ എൻ.വി.മുഹമ്മദ് റാഫി എന്നയാളെ അദ്ധ്യാപകനായി തന്നെ കാണണമോയെന്ന് സമൂഹം തീരുമാനിക്കും. സ്ത്രീയും വർഷങ്ങളോളം അദ്ധ്യാപികയുമായിരുന്ന വി.ടി.രമയെ അപമാനിച്ചതിലൂടെ പുറത്തുവന്നത് വൃത്തികെട്ട മനഃസ്ഥിതിയാണെന്നും അവർ കൂട്ടിച്ചേർത്തു. പടിയത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് മഹിളകൾ അണിനിരന്നു. സർവകലാശാലയ്ക്ക് മുന്നിൽ തിരൂർ പൊലീസും തണ്ടർബോൾട്ടും തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ദീപാ പുഴക്കൽ അദ്ധ്യക്ഷയായി. ബിജെപി സംസ്ഥാന സമിതിയംഗം ഗീതാ മാധവൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പറശ്ശേരി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു ഗണേഷ്, കെ.പി.റീന എന്നിവർ സംസാരിച്ചു.