മലപ്പുറം: വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിലെ അതൃപ്തി മുസ്ളിംലീഗ് ഹൈക്കമാൻഡിനെ അറിയിച്ചു. തീരു
മാനം വൈകുന്നത് മറ്റു മണ്ഡലങ്ങളെയും ബാധിക്കുമെന്ന ആശങ്ക ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ അറിയിക്കുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കെ.പി.എ. മജീദിന്റെയും സാന്നിദ്ധ്യത്തിൽ ഇന്നലെ പാണക്കാട്ട് അടിയന്തര നേതൃയോഗം ചേർന്നാണ് തീരുമാനമെടുത്തത്.
പ്രഖ്യാപനം വൈകുന്നത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള സാദ്ധ്യതകൾക്ക് മങ്ങലേല്പിക്കുമെന്നാണ് ലീഗിന്റെ വികാരം. പൊന്നാനിയിൽ പ്രാദേശിക നേതൃത്വങ്ങൾക്കിടയിൽ ലീഗ് - കോൺഗ്രസ് പോര് ശക്തമാണ്. ഇടതുസ്വതന്ത്രൻ പി.വി. അൻവർ പ്രചാരണരംഗത്ത് ഏറെ മുന്നിലാണ്. കഴിഞ്ഞ തവണ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും അപായ സൂചനയായാണ് വിലയിരുത്തുന്നത്.
കോൺഗ്രസ് വോട്ടുകളിലെ ചോർച്ച തുടർന്നാൽ ഇ.ടിയുടെ നില പരുങ്ങലിലാവും. പ്രാദേശിക നേതൃത്വങ്ങളുമായി ലീഗ് - കോൺഗ്രസ് നേതൃത്വം പലതവണ ചർച്ച നടത്തിയെങ്കിലും പോരിന് കുറവില്ല. മലപ്പുറത്തെ കോൺഗ്രസിന്റെ മുഖമായ ആര്യാടൻ മുഹമ്മദ് ഇടപെടാതെ നിൽക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വരവ് പൊന്നാനിയിലും വലിയ ഊർജ്ജമായി ലീഗ് കണ്ടത്. സ്ഥാനാർത്ഥി രാഹുലെങ്കിൽ വൻ ഭൂരിപക്ഷം കോൺഗ്രസിന് അഭിമാനപ്രശ്നമാണ്. വയനാട്ടിൽ നല്ല സ്വാധീനമുള്ള ലീഗിന്റെ പരിപൂർണ പിന്തുണ അതിനാൽ വേണം. ഇതു പൊന്നാനിയിലെ വോട്ടു ചോർച്ച കുറയ്ക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
'വയനാട്ടെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും വേഗം നടത്തണം. സ്ഥാനാർത്ഥി തീരുമാനം വരുമ്പോൾ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും മാറും".
- പി.കെ. കുഞ്ഞാലിക്കുട്ടി