kkkk
അന്തരിച്ച ഡോ.പത്മം കൊളാടിയുടെ ഭൗതിക ശരീരത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്ത്യോപചാരമർപ്പിക്കുന്നു

പൊന്നാനി: ഡോ.പത്മം കൊളാടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് കമ്മ്യൂണിസ്റ്റ് തറവാട്ടിലെ അമ്മ മനസ്സിനെ. പഴയതും പുതിയതുമായ തലമുറയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും അനുഭവിച്ചറിഞ്ഞ ആതിഥ്യ സൗഹൃദത്തിന്റെയും സ്‌നേഹപരിചരണത്തിന്റെയും പേരാണ് ഡോ.പത്മം.

കമ്മ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭയിലെ അംഗവുമായിരുന്ന കൊളാടി ഗോവിന്ദൻ കുട്ടിയുടെ സഹധർമ്മിണിയെന്ന നിലയിൽ രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും ഗൃഹാന്തര തിരക്കുകളിൽ നിറഞ്ഞ സ്‌നേഹ സാന്നിദ്ധ്യമായിരുന്നു അവർ. ഡോക്ടറാവാനുള്ള ബിരുദമായ എൽ.ഐ.എം ( ലോ ഇൻ മെഡിസിൻ) നേടിയ ഇവർ വാഹന വൈദ്യുതി സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് രാപകൽ സേവനമനുഷ്ഠിച്ചു വരുന്നതിനിടയിലാണ് കൊളാടി ഗോവിന്ദൻ കുട്ടിയുടെ പത്‌നിയായത്. കേരളത്തിലെ ആദ്യസർക്കാർ വനിത ഡോക്ടറായിരുന്ന അവർ ഭർത്താവിന്റെ രാഷ്ട്രീയ തിരക്കുകൾക്കൊപ്പം ചേരാൻ ജോലി രാജിവച്ചു. അണ്ടത്തോട് മണ്ഡലത്തിൽ നിന്ന് കൊളാടി ഗോവിന്ദൻ കുട്ടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഡോക്ടർ സേവനം ഒഴിവാക്കി പൂർണ്ണമായും ഗൃഹഭരണത്തിലേക്ക് മാറേണ്ടി വന്നു.

നവതി ആഘോഷവേളയിൽ പുതിയതും പഴയതുമായ തലമുറയിലെ രാഷ്ട്രീയ സാംസ്‌ക്കാരിക നേതൃത്വം രാഷ്ട്രീയ തറവാട്ടിലെ അമ്മ മനസ്സിന്റെ സ്‌നേഹപരിലാളനയെ തൊഴുകൈകളോടെ അനുസ്മരിച്ചിരുന്നു. കൊളാടി പുരസ്‌ക്കാരം സ്വീകരിക്കാനെത്തിയ ഡോ.എം. ലീലാവതി സഹപാഠിയായ പത്മം കൊളാടിയെ കുറിച്ച് പറഞ്ഞത് കാഴ്ച്ചയിൽ പോലും സ്‌നേഹം നിറക്കുന്ന ആകാരമെന്നായിരുന്നു.