പി.ഡി.പി സംസ്ഥാന സീനിയർ വൈസ് ചെയർമാനുംപൊന്നാനിയിലെ പി.ഡി.പി സ്ഥാനാർത്ഥിയുമായ പൂന്തുറ സിറാജ് മണ്ഡലത്തിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
ലീഗിന്റെ ഉറച്ച മണ്ഡലമായ പൊന്നാനിയിൽ പി.ഡി.പിയുടെ സാദ്ധ്യതകൾ എത്രമാത്രമാണ്?
പൊന്നാനിയിൽ മികച്ച സാദ്ധ്യതയാണ് പാർട്ടിക്കുള്ളത്. പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ പൊതുജനങ്ങൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിക്ക് ബൂത്ത് കമ്മിറ്റി പോലുമില്ലായിരുന്നു. കെജ്രിവാളും കുറച്ചുപേരുമടങ്ങുന്ന ടീമാണുണ്ടായിരുന്നത്. ഇവരിപ്പോൾ ഡൽഹി ഭരിക്കുകയാണ്. ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോവുകയും ചെയ്തു. പൊതുജനങ്ങൾ എങ്ങിനെയാണ് പ്രതികരിക്കുകയെന്നത് ഇപ്പോൾ ആർക്കും പറയാൻ കഴിയില്ല. പൊന്നാനിയിൽ പാർട്ടി വലിയ പ്രതീക്ഷയിലാണ്.
പൊന്നാനിയിൽ മത്സരിക്കണമെന്ന തീരുമാനത്തെ സ്വാധീനിച്ചതെന്തെല്ലാം?
സംസ്ഥാനത്ത് അഞ്ച് സീറ്റിൽ പി.ഡി.പി മത്സരിക്കുന്നുണ്ട്. പി.ഡി.പിയെ സംബന്ധിച്ചിടത്തോളം പൊന്നാനി വികാരപരമായ പ്രാധാന്യമുള്ള മണ്ഡലമാണ്. പാർട്ടിക്ക് മികച്ച സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. 2004ൽ പൊന്നാനിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി യു.കുഞ്ഞുമുഹമ്മദ് 47,720 വോട്ട് നേടിയിരുന്നു. 2009ൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയതിനാൽ മത്സരിച്ചില്ല. മത്സരിച്ചപ്പോഴെല്ലാം 20,000ത്തിന് മുകളിൽ വോട്ട് ലഭിച്ചിട്ടുണ്ട്.
പി.ഡി.പിയുടെ പ്രചാരണ വിഷയങ്ങൾ?
മതേതര കേരളത്തിൽ അതിശക്തമായ രീതിയിൽ ഫാസിസം ചർച്ച ചെയ്യപ്പെടണം. പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി രണ്ടുപതിറ്റാണ്ടായി പീഡനങ്ങൾ അനുഭവിക്കുന്നു. അദ്ദേഹം അനുഭവിക്കുന്ന നീതി നിഷേധവും പീഡനങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെടണമെന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ കാപട്യം ജനമനസ്സുകളിലേക്ക് തുറന്നുകാണിക്കും.
മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തുറന്നുകാട്ടും. മതേരത ഇന്ത്യയെ മതാതിഷ്ഠിത രാജ്യമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ തുറന്നുകാട്ടും. എന്ത് അഴിമതി കാണിക്കുന്നവരെയും സ്ഥാനാർത്ഥിയാക്കുന്ന സമീപനവുമെല്ലാം ചർച്ചയാക്കപ്പെടണം.
മഅ്ദനി വിഷയം ഏതു തരത്തിൽ പ്രതിഫലിക്കും?
പി.ഡി.പി പ്രവർത്തകർ മാത്രമല്ല മഅ്ദനിയെ സ്നേഹിക്കുന്നത്. നിശബ്ദരായി അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഇതിൽ കക്ഷി രാഷ്ട്രീയ, മതഭേദമൊന്നുമില്ല. ഇവരുടെ നിശബ്ദ സഹായം പാർട്ടിക്കുണ്ടാവും. പരസ്യമായി വരാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാവാം.
ഇടതു,വലതു മുന്നണികൾ പിന്തുണ അഭ്യാർത്ഥിച്ചിരുന്നോ?
ഇരു മുന്നണികളും പിന്തുണ അഭ്യാർത്ഥിച്ചിട്ടില്ല. പി.ഡി.പി അവരുടെ വഴിയിലല്ല സഞ്ചരിക്കുന്നത്. നേരത്തെ ഇടതിന് പിന്തുണ നൽകിയിരുന്നെങ്കിലും പി.ഡി.പി പലതവണ ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ട്. പി.ഡി.പി. വളരരുതെന്ന് ആഗ്രഹിക്കുന്നവരാണ് തീവ്രവാദവും വർഗീയതയുമൊക്കെ ആരോപിക്കുന്നത്.
പി.ഡി.പിയുടെ സംഘടനാശേഷി കുറഞ്ഞിട്ടുണ്ടെന്നും പൊന്നാനിയിൽ നേരത്തെ പിടിച്ച വോട്ട് പിടിക്കാനാവില്ലെന്നുമുള്ള വിലയിരുത്തലുകളോട്.?
വോട്ട് എത്ര കിട്ടിയെന്നതിലല്ല. ഉയർത്തിപ്പിടിക്കുന്ന ആശയത്തോട് എത്രപേർ ഇങ്ങോട്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്നതിലാണ് കാര്യം. ഒരുപാട് പ്രശ്നനങ്ങളിൽ ഉലയുന്ന ചെറുപാർട്ടിയാണ് പി.ഡി.പി. പാർട്ടിയുടെ ഹൈക്കമാന്റ് തന്നെ 20 വർഷമായി രാജ്യത്തെ വിവിധ ജയിലറകളിൽ മാറിമാറി കിടക്കുന്ന സാഹചര്യം. ഫണ്ടില്ല. കൊട്ടാരസദൃശ്യമായ ഓഫീസുകളില്ല. കുറേ പാവപ്പെട്ടവരാൽ തുന്നിച്ചേർത്ത പ്രസ്ഥാനമാണിത്. ഇതുകൊണ്ടുതന്നെ ഒരുപാട് പരിമിധികളുണ്ട്. എങ്കിലും 25 വർഷമായി കേരളീയ രാഷ്ട്രീയ രംഗത്ത് ആശയ പ്രചാരണവുമായി മുന്നോട്ടുപോവുന്നുണ്ട്. പാർട്ടി ഹൈക്കമാന്റ് തന്നെ ജയിലിൽ കിടക്കുമ്പോൾ ഇത്രയും കാലം പാർട്ടി മുന്നോട്ടുപോയെന്നത് ഒരത്ഭുതമാണ്. രാഷ്ട്രീയത്തിലെ അഗ്രഗണ്യനായ കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചിട്ട് എത്രകാലം പിടിച്ചുനിൽക്കാൻ കഴിഞ്ഞു.ഇത്തരത്തിൽ നിരവധി പാർട്ടികളുണ്ടായി. വന്നതുപോലെ തിരിച്ചുപോവേണ്ടിവന്നു. ഈ സാഹചര്യത്തിൽ വേണം പി.ഡി.പിയെ വിലയിരുത്താൻ. പൊന്നാനിയിൽ മികച്ച മത്സരം കാഴ്ച്ചവെക്കാൻ പി.ഡി.പിക്ക് കഴിയും