മലപ്പുറം: ജില്ലയിൽ വനിതാ ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന 87 പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കും. ഒരു നിയമസഭ മണ്ഡലത്തിൽ അഞ്ചു വീതം പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിയമസഭ മണ്ഡലത്തിലും ആദ്യമായാണ് വനിതകൾ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മാത്രം 12 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിരുന്നു. ഇത് ഇപ്രാവശ്യവും തുടരും. ഇത് ഉൾപ്പെടെയാണ് ജില്ലയിൽ ഈ തിരഞ്ഞെടുപ്പിന് 87 വനിത പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുക.
ഒരു ബൂത്തിൽ നാല് വനിതാ ജീവനക്കാരാണ് പ്രവർത്തിക്കുക. 348 വനിതാ ജീവനക്കാരാണ് ആകെ ഉണ്ടാവുക. ഇതിനു പുറമെ 80 ശതമാനം റിസർവ്വിലും നിറുത്തും.
15 നിയമസഭ മണ്ഡലങ്ങളിൽ ആവശ്യമായ പ്രാഥമിക നിയമന ഉത്തരവ് തയ്യാറായി. ഇതിന്റെ ഭാഗമായി കളക്ട്രേറ്റിൽ ജില്ലാകളക്ടർ അമിത് മീണയുടെ മേൽനോട്ടത്തിൽ റാന്റമൈസേഷൻ നടന്നു. ഒന്നാംഘട്ട നിയമന ഉത്തരവിൽ ആവശ്യമായ മൊത്തം ജീവനക്കാരെയാണ് തിരഞ്ഞെടുക്കുക. രണ്ടാംഘട്ടത്തിൽ ജീവനക്കാരുടെ മണ്ഡലം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കും. മൂന്നാം ഘട്ടത്തിൽ മാത്രമെ ജീവനക്കാരുടെ ബൂത്ത് തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാവൂ.
ഒരു നിയമസഭ മണ്ഡലത്തിലെ ജീവനക്കാർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന തൊട്ടടുത്ത മണ്ഡലത്തിലാവും നിയോഗിക്കുക. നഗരത്തോട് ചേർന്ന പ്രദേശങ്ങളിലായിരിക്കും നിയമനം.
ഡെപ്യൂട്ടി കളക്ടർ എം.കെ. അനിൽകുമാർ, അഡീഷണൽ ഇൻഫർമാറ്റിക് ഓഫീസർ പി.പവനൻ, അസി.നോഡൽ ഓഫീസർ കെ.വി. ബിനീഷ് എന്നിവർ സന്നിഹിതരായിരുന്നു.