പൊന്നാനി: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടാനെത്തുന്നത് ഗുലാം മുഹമ്മദ് ബനാത്ത് വാലയുടേയും ഇബ്രാഹിം സുലൈമാൻ സേട്ടിന്റെയും പിൻഗാമിയായി. കേരളത്തിൽ നിന്ന് മത്സരിച്ച മലയാളികളല്ലാത്ത രാഷ്ട്രീയ നേതാക്കന്മാർ ഗുലാം മുഹമ്മദ് ബനാത്ത് വാലയും ഇബ്രാഹിം സുലൈമാൻ സേട്ടുമായിരുന്നു.1999ന് ശേഷം ഇതാദ്യമായാണ് മലയാളിയല്ലാത്തയാൾ കേരളത്തിൽ നിന്ന് ജനവിധി തേടുന്നത്.പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാൾ എന്നത് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
മുംബൈ സ്വദേശിയായ ബനാത്ത് വാല എട്ട് തവണയാണ് കേരളത്തിൽ നിന്ന് മത്സരിച്ചത്.ഇതിൽ ഏഴു തവണയും പൊന്നാനിയിൽ നിന്നായിരുന്നു. 1977, 80,84,89,96,98,99 വർഷങ്ങളിലാണ് പൊന്നാനിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരു സ്വദേശിയായ ഇബ്രാഹിം സുലൈമാൻ സേട്ട് 35 വർഷമാണ് കേരളത്തിൽ നിന്ന് ലോകസഭാംഗമായത്. കോഴിക്കോട്, മഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതലും മഞ്ചേരിയിൽ നിന്നാണ് ജനവിധി തേടിയത്.1991ൽ പൊന്നാനിയിൽ നിന്നാണ് ലോകസഭാംഗമായത്.
ഇരുവരും മുസ്ലിം ലീഗിന്റെ അഖിലേന്ത്യ നേതാക്കളായിരുന്നു. ഇരുവരുടേയും വിജയം എന്നും ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിലായിരുന്നു. നാമനിദ്ദേശ പത്രിക സമർപ്പിക്കാനെത്തുന്നതടക്കം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമെ ഇവർ പ്രചരണ രംഗത്തുണ്ടാകൂ. ഹിന്ദിയിലും ഉറുദുവിലുമായിരുന്നു ഇരുവരം വോട്ടർമാരെ അഭിമുഖീകരിച്ചത്. ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലിം ലീഗ് വിടുന്നതു വരെ കേരളത്തിൽ നിന്നുള്ള പാർലിമെന്റംഗമായിരുന്നു. 1977 മുതൽ 2004 വരെ ബനാത്ത് വാല തുടർച്ചയായി പാർലിമെന്റംഗമായി.മറ്റൊരു പാർട്ടിയിലും മലയാളികളല്ലാത്തവർ സ്ഥാനാർത്ഥിയായി പോലും പാർലിമെന്റ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടില്ല. കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഇതാദ്യമായാണ് മലയാളിയല്ലാത്തയാൾ സ്ഥാനാർത്ഥിയാകുന്നത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അത്യാവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നതാണ് വയനാട്ടിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളത്തിനു പുറമെ തമിഴ്നാട്ടിലും കർണ്ണാടകയിലും സ്വാധീനമുണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ഏതെങ്കിലുമൊരു സ്ഥാനാർത്ഥി രണ്ടാം മണ്ഡലമായി കേരളത്തെ തിരഞ്ഞെടുക്കുന്നതും ഇതാദ്യമാണ്.ഉത്തരപ്രദേശിലെ അമേഠിക്കു പുറമെയാണ് രാഹൂൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ വിഷയങ്ങൾ മാറ്റി മറിക്കുന്നതാകും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥി.ദേശീയ തലത്തിൽ വയനാട് മണ്ഡലം ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അമേഠിയിൽ തോൽവി ഉറപ്പായതിനാലാണ് രാഹൂൽ സുരക്ഷിത മണ്ഡലമായി വയനാടിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന തരത്തിൽ ബി ജെ പി കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും രാഹുൽ ഗാന്ധിയെ കേന്ദ്ര ബിന്ദുവാക്കിയായിരിക്കും മൂന്ന് മുന്നണികളും ഇനിയങ്ങോട്ട് പ്രചരണം നയിക്കുക.