പരപ്പനങ്ങാടി: മൺമറഞ്ഞത് പരപ്പനങ്ങാടിയുടെ യശ്ശസ് ഉയർത്തിയ സ്വാതന്ത്ര്യസമര സേനാനി. 1919ൽ നെടുവയിലെ ഉണികണ്ഠം വീട്ടിൽ ജനിച്ച യു.വി.കരുണാകരൻ മാസ്റ്റർ പരപ്പനങ്ങാടിയിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായത് . ആദ്യത്തെ അദ്ധ്യാപക സംഘടന യോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു .
ഗവണ്മെന്റിനെതിരെയുള്ള സമരമായതിനാൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മാപ്പെഴുതി കൊടുത്താൽ സസ്പെൻഷൻ ഒഴിവാക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഈ ആവശ്യം കരുണാകരൻ മാസ്റ്റർ നിരസിച്ചു .പിന്നീട് മലബാർ സ്പെഷ്യൽ പൊലീസിൽ ചേർന്ന അദ്ദേഹം തിരുനെൽവേലിയിലെ ക്യാമ്പിൽ വെച്ചു സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പൊലീസുകാരെ സംഘടിപ്പിച്ചു. ഇതിന്റെ പേരിൽ കരുണാകരൻ മാസ്റ്ററെ ജോലിയിൽ നിന്നും മാറ്റിനിർത്തി. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യ സമരത്തിൽ സജീവ സാന്നിദ്ധ്യമായി.
സ്വാതന്ത്ര്യത്തിന് ശേഷം പൊതുപ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും സജീവമായി പങ്കെടുത്ത അദ്ദേഹം ജനതാ പാർട്ടിയുടെ ആദ്യ ജില്ലാ വൈസ് പ്രസിഡന്റായി. തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റുമായ കരുണാകരൻ മാസ്റ്റർ 1979ൽ പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പരപ്പനങ്ങാടി റൂറൽ ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് .പരപ്പനങ്ങാടിയിൽ എസ്.എൻ.ഡി.പി രൂപീകരിച്ച് പ്രഥമ പ്രസിഡന്റായി . നെടുവയിൽ എസ്.എൻ.ഡി.പിക്കു സ്വന്തമായി കെട്ടിടവും പൊതു ശ്മാശാനവും നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ പ്രയത്ന ഫലമായാണ്. നെടുവയിലെ ഒട്ടുമിക്ക വികസന പ്രവർത്തനങ്ങളിലും കരുണാകരൻ മാസ്റ്ററുടെ കൈയ്യൊപ്പുണ്ട്. വാളക്കുണ്ട് റോഡ്, ആനപ്പടി ഭഗവതികാവ് റോഡ് എന്ന ഇപ്പോഴത്തെ കോവിലകം റോഡ് എന്നിവയുടെ നിർമ്മാണത്തിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു .പരപ്പനങ്ങാടിയിലെ മുഴുവൻ പത്രങ്ങളുടെയും ഏജന്റായിരുന്നു.