നെന്മാറ: നീണ്ട മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം കാടിനോടും മൃഗങ്ങളോടും വനം - വന്യജീവി വകുപ്പിനോടും യാത്രപറഞ്ഞ് പോകുകയാണ് യൂസിഫ്. നെല്ലിയാമ്പതി ഫ്ലയിംഗ് സ്‌ക്വാഡ് റേയിഞ്ച് ഫോറസ്റ്റ് ഓഫീസറായി വിരമിക്കുന്ന യൂസിഫ് 1990ൽ കേരള പൊലീസിൽ കോൺസ്റ്റബിളായാണ് സേവനം ആരംഭിച്ചത്. തുടർന്ന് കേരള വനം വന്യജീവി വകുപ്പിലെ സെൻട്രൽ സർക്കിളിലെ മലയാറ്റൂർ ഡിവിഷനിൽ ഭൂതത്താൻകെട്ട്, ഇടമലയാർ, തുടങ്ങിയ സ്റ്റേഷനുകളിൽ ഫോറസ്റ്റാറായി ജോലിനോക്കി.

2003 മുതൽ ഡെപ്യൂട്ടി റേയിഞ്ച് ഫോറസ്റ്ററായി. ഇതിനിടെ വാഴാനി സ്റ്റേഷൻ, ഇടുക്കി കാളിയാർ റേയിഞ്ച്, മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ, എളനാട് സ്റ്റേഷൻ ഡെപ്യൂട്ടി റേയിഞ്ച്‌ ഫോറസ്റ്റ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. സ്ഥാനക്കയറ്റം ലഭിച്ച് വയനാട് നോർത്തേൺ ഡിവിഷനിലെ പേരിയ റേയിഞ്ചിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫ്ലയിംഗ് സ്‌ക്വാഡ് ഡിവിഷനിലെ ഫോറസ്റ്റ് ഓഫീസറായും ജോലി ചെയ്തു.
തൃശൂർ വനം ഡിവിഷനിലെ മികച്ച ഡെപ്യൂട്ടി റേയിഞ്ച് ഫോറസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൊലീസ് വകുപ്പിൽ ഹവിൽദാർ തസ്തികയിലിരിക്കെയാണ് വനംവകുപ്പിൽ ഫോറസ്റ്രറായി സേവനം ആരംഭിച്ചത്. നെന്മാറ കരിമ്പാറ ഒറവൻചിറക്കളം കുടുംബാഗവും പരേതനായ മീരാൻ മാസ്റ്ററുടെ മകനുമാണ് യൂസിഫ്.