* നെല്ലിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം: മന്ത്രി ഇ.പി.ജയരാജൻ
പാലക്കാട്: സംസ്ഥാനത്തെ നെല്ല് മൂല്യവർദ്ധിത ഉത്പന്നമാക്കുക വഴി കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ റൈസ് ടെക്നോളജി പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും മൂന്ന് കേന്ദ്രങ്ങളിലായി സംഭരിക്കുമെന്നും തവിട് - ഉമി എന്നിവ കൂടുതൽ ഉത്പാദനശേഷിയുള്ള മുല്യവർദ്ധിത ഉത്പനങ്ങളാക്കി വിദേശ രാജ്യങ്ങളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ നടന്ന റൈസ് ടെക്നോളജി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതു - സ്വകാര്യ പങ്കാളിത്തോടെ രൂപീകരിക്കുന്ന മൂന്ന് റൈസ് പാർക്കുകളിലെയും 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. റൈസ് ടെക്നോളജി പാർക്കിൽ സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോ, കൺസൂമർ ഫെഡികളിലൂടെ വിതരണം ചെയ്യും. പദ്ധതിവഴി നെൽകൃഷിക്ക് പ്രോത്സാഹനവും ഒപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 1.8 ലക്ഷം ഹെക്ടർ നെൽകൃഷിയാണ് സംസ്ഥാനത്ത് ഉള്ളത്. അത് മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ബാലമുരളി, മലമ്പുഴ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിഥിൻ കണിച്ചേരി, ചിന്നസ്വാമി, കിൻഫ്ര മാനേജിങ് ഡയറക്ടർ കെ.എ.സന്തോഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി.രാജ്മോഹൻ, ഡോ.ടി.ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.