മണ്ണാർക്കാട്: തെരുവ് നായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പകുന്ന് ആശാപറമ്പിൽ രാജൻ ജോസഫിന്റെ മകൻ ഹനാൻ ജോസഫ് (12)നാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീടിനു തൊട്ടടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. പേടിച്ച് താഴെ വീണ കുട്ടിയുടെ കൈക്കും വയറിലുമാണ് കടിയേറ്റത്. ഇടത് കൈയുടെ നടുവിരൽ കടിച്ചു മുറിച്ച നിലയിലാണ്. ഉടൻ തന്നെ പരിസരവാസികൾ വട്ടമ്പലത്തെ മദർ കെയർ ആശുപത്രിയിലെത്തിച്ചു. മുറിഞ്ഞ വിരൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.
മണ്ണാർക്കാട് എം.ഇ.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഹനാൻ. കഴിഞ്ഞകുറേ നാളുകളായി ഇവിടെ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പരിസരവാസികൾ പറയുന്നു. അമ്പകുന്ന് നേർച്ച നടക്കുന്ന സമയം ആയതിനാൽ ധാരാളം ആളുകൾ വരുന്ന പ്രദേശം കൂടിയാണിവിടം. അതുകൊണ്ട് തന്നെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.