* അന്യ സംസ്ഥാന കുഴൽകിണർ ലോബികൾ ജില്ലയിൽ സജീവം

പാലക്കാട്: വേനലെത്തിയപ്പോൾ തന്നെ കുഴൽ കിണർ കുഴിക്കുന്ന സംഘങ്ങളും ജില്ലയിൽ സജീവമായിരിക്കുകയാണ്. ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ പലയിടത്തെയും ജലസ്രോതസുകൾ വറ്റിവരണ്ട അവസ്ഥയിലാണ്. പല പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ഒന്നിടവിട്ടാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ പലരും കുഴൽക്കിണറുൾ കുഴിക്കുന്ന തിരക്കിലാണ്.

ഭൂജലവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ കഴിഞ്ഞ വർഷം 3000ത്തിലധികം കുഴൽകിണറുകളുണ്ടായിരുന്നു. ഇത്തവണ കൂടാനാണ് സാധ്യത. ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ നിലവിൽ 500 മുതൽ 600 അടിവരെ കുഴിച്ചാലും വെള്ളം കിട്ടാത്ത സ്ഥിതിയാണ്. അനുമതിയില്ലാതെ ഒന്നിൽകൂടുൽ കിണറുകൾ കുഴിക്കുന്നവരുണ്ട്. ജില്ലയിലെ ചിറ്റൂരിലാണ് കൂടുതൽ ജലചൂഷണം നടക്കുന്നത്. ഇൗ പ്രദേശത്തെ അതിചൂഷണ ബ്ലോക്കായാണ് പരിഗണിച്ചിരിക്കുന്നത്. മലമ്പുഴ, പട്ടാമ്പി എന്നിവയും ക്രിട്ടിക്കൽ പ്രദേശങ്ങളാണ്.

* അപേക്ഷ സമർപ്പിക്കണം
നിലവിൽ കുഴൽകിണർ കുഴിക്കണമെങ്കിൽ സ്ഥലം ഉടമ പൂർണമായ മേൽവിലാസം, കുഴിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, സർവേ നമ്പർ, എന്ത് ആവശ്യത്തിനാണ് കുഴിക്കുന്നത് എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ച് അപേക്ഷ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ സെക്രട്ടറി മുമ്പാകെ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് രണ്ട് ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിക്കും. കുടിവെള്ള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴൽകിണർ കുഴിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെള്ളം ലഭ്യമാകുന്ന കിണറോ വാട്ടർ കണക്ഷനോ മറ്റ് കുടിവെള്ള സ്രോതസുകളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിർമ്മാണത്തിന് അനുമതി നൽകുകയുള്ളു. പക്ഷേ, ഇതൊന്നു പാലിക്കപ്പെടുന്നില്ല.

ഭൂഗർഭജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് ജില്ലയിലെ പ്രദേശങ്ങളെ നാലായി തിരിക്കുന്നു.

.അമിത ഉപയോഗം (ഭൂഗർഭജല ഉപയോഗം 100 ശതമാനത്തിൽ കൂടുതൽ)
.ക്രിട്ടിക്കൽ (ഭൂഗർഭജല ഉപയോഗം 90-100 ശതമാനം)
.സെമിക്രിട്ടിക്കൽ (ഭൂഗർഭജല ഉപയോഗം 70-90 ശതമാനം)
.സുരക്ഷിതം (ഭൂഗർഭജല ഉപയോഗം 70 ശതമാനത്തിൽ താഴെ)

* 2018 ഏപ്രിൽ മുതൽ ചിറ്റൂർ മേഖലയിൽ കുടിവെള്ളത്തിന് മാത്രമേ കുഴൽകിണർ കുഴിക്കാൻ അനുമതിയുള്ളൂ. അനധികൃതമായി കുഴിക്കുന്നവർക്ക് വൈദ്യുതി കണക്ഷൻ ലഭിക്കില്ല. രജിസ്‌ട്രേഷനുള്ള ഏജൻസികൾക്ക് മാത്രമേ ജില്ലയിൽ കുഴൽകിണർ കുഴിക്കാൻ അനുമതിയുള്ളൂ.

അനിത നായർ, ജില്ലാ ഒാഫീസർ, ഭൂഗർഭജല വകുപ്പ്