പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് നഗരസഭയുടെ മാലിന്യം നീക്കം നിലച്ചിട്ട് രണ്ടാഴ്ച. നഗരത്തിലെ ഇടവഴികൾ, ബസ് സ്റ്റാന്റുകൾക്ക് സമീപം, റോബിൻസൺ റോഡ്, സുൽത്താൻപേട്ട, മേലാമുറി, വലിയങ്ങാടി, ചക്കാന്തറ പള്ളിക്ക് സമീപം, കൽമണ്ഡപം കനാൽ പരിസരം എന്നിവിടങ്ങൾ ചീഞ്ഞുനാറുകയാണ്. ദുർഗന്ധം അസഹനീയമായതിനാൽ മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

മാലിന്യ നീക്കം നിലച്ചിട്ട് രണ്ടാഴ്ചയായതിനാൽ റോഡരികിലും മറ്റും മാലിന്യ കുമിഞ്ഞു കൂടിയിരിക്കുകയാണ്. റോഡോരങ്ങളിലെ മാലിന്യങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൂടാതെ തെരുവ് നായ്ക്കളുടെ ശല്യം കൂടിയിട്ടുണ്ട്. ഇവ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചിടുന്നതും പതിവായിരിക്കുകയാണ്.

അഴുക്കുചാലുകൾ കൃത്യസമയത്ത് വൃത്തിയാക്കാത്തതാണ് സ്ഥിതി കൂടുതൽ മോശമാക്കിയിരിക്കുന്നത്. അഴുക്കുചാലുകളിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വന്നടിഞ്ഞ് ഒഴുക്കുനിലച്ച അവസ്ഥയാണ്. പലഭാഗത്തും ദുർഗന്ധം വമിച്ചുതുടങ്ങി. പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെങ്കിൽ നഗരസഭ മാലിന്യനീക്കം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.

* തൊഴിലില്ലാതെ തൊഴിലാളികൾ

മാലിന്യം നീക്കം നിലച്ചതോടെ കുടുംബശ്രീ തൊഴിലാളികൾക്ക് വീട്, ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചയായി ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാലിന്യം എത്തിക്കുന്നവർക്കും ജോലിയില്ല. ഈ വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന തൊഴിലാളി കുടുംബങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. മാലിന്യം നീക്കം ചെയ്യുന്നതിന് ഉടമകൾ പണം നൽകുന്നതിനാൽ തൊഴിലാളികൾക്ക് അവരുടെ ചീത്തവിളിയും കേൾക്കേണ്ടി വരുന്നു. നിലവിലെ സ്ഥിതി പറഞ്ഞിട്ടും മാലിന്യം ഉടൻ നീക്കം ചെയ്യണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.