മണ്ണാർക്കാട്: നഗരസഭ പി.എം.എ.വൈ പദ്ധതിയുടെ ഭവന നിർമ്മാണം പൂർത്തീകരിച്ച 112 ഗുണഭോക്താക്കൾക്ക് 1.50 ലക്ഷം വീതം നഗരസഭാ ചെയർപേഴ്‌സൺ എം.കെ.സുബൈദ വിതരണം ചെയ്തു. ആകെ 1.68 കോടി രൂപയാണ് വിതരണം ചെയ്തത്. ഇത്തരത്തിൽ ധനസഹായം പൂർത്തീകരിച്ച കേരളത്തിലെ ആദ്യ നഗരസഭയാണ് മണ്ണാർക്കാട് എന്ന് ചെയർപേഴ്‌സൺ അറിയിച്ചു.
ആകെ നൽകേണ്ട നാലു ലക്ഷത്തിൽ 2.50 ലക്ഷം രൂപയാണ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്.
ബാക്കി തുക വീട് പണി പൂർത്തിയാക്കിയാൽ മാത്രമേ നൽകൂ എന്നാണ് അറിയിച്ചിരുന്നത്. കടംവാങ്ങിയും മറ്റും പണി പൂർത്തിയാക്കിയവർക്ക് കാലതാമസമില്ലാതെ ബാക്കി തുകയും നൽകിയത് വളരെ ആശ്വാസമായിരിക്കുകയാണ്.
യോഗത്തിൽ വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.പുഷ്പാനന്ദ്, സരസ്വതി, വനജ, എൻ.കെ.സുജാത, കെ.പി.സലിം, ജുഹി മരിയാ ടോം എന്നിവർ സംസാരിച്ചു.