* യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു
പാലക്കാട്: പുതിയ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തതാണ് പാലക്കാട് നഗരസഭയുടെ 2019 - 20വർഷത്തെ ബഡ്ജറ്റ്. വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ സഭയിൽവച്ച ബഡ്ജറ്റിൽ 362,72,27,797 രൂപ വരവും 341,54,24,924 രൂപ ചെലവും 21,18,02,873 രൂപ നീക്കിയിരിപ്പുമാണ് കണക്കാക്കിയിട്ടുള്ളത്.
പദ്ധതികളൊന്നും പ്രഖ്യാപിക്കുന്നില്ലെങ്കിലും തുടർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീയാക്കുന്നതിനുള്ള പ്രവർത്തനം ഊർജ്ജിതമാക്കും. പ്രളയവും സെപ്തംബർ മുതൽ ഫ്രെബ്രുവരി വരെയുള്ള കൗൺസിൽ യോഗങ്ങൾ തടസപ്പെട്ടതും വികസനത്തെ ബാധിച്ചു. പ്രതിപക്ഷം സഹകരിച്ചാൽ മാത്രമേ തുടങ്ങിവച്ചതും ആരംഭിക്കാനിരിക്കുന്നതുമായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുവെന്ന് വൈസ് ചെയർമാൻ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ബഡ്ജറ്റ് കോപ്പി സഭയിൽ നൽകാൻ വൈകിയതിൽ പ്രതിഷേധിച്ചും അഴിമതിയിൽ കുളിച്ചുനിൽക്കുന്ന ഭരണസമിതിയിലെ വൈസ് ചെയർമാന് ബഡ്ജറ്റ് അവതരിപ്പിക്കാൻ അർഹതയില്ലെന്നും ആരോപിച്ച് യു.ഡി.എഫ് പാർലിമെന്റ് പാർട്ടി നേതാവ് കെ.ഭവദാസിന്റെ നേതൃത്വത്തിൽ 18 അംഗങ്ങളും മുദ്രാവാക്യമുർത്തി യോഗം ബഹിഷ്കരിച്ചു. യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപോയെങ്കിലും ഇടത് കൗൺസിലർമാർ സഹകരിച്ചതിനെ തുടർന്ന് വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു.
അമൃത പദ്ധതിയുടെ ഭാഗമായി 14 പ്രവർത്തികൾ പൂർത്തിയാക്കി. 39 പ്രവർത്തികൾ ആരംഭിക്കാനും കഴിഞ്ഞു. നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ 195.50 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണ്. നഗരത്തിലെ പ്രധാന പാതകളിലെ നടപ്പാതകളുടെയും പ്രധാന സ്‌കൂളുകൾക്ക് മുന്നിൽ വരുന്ന ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെയും ടെൻഡർ നടപടി പൂർത്തിയാക്കി. നഗരത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരണത്തിന് സംസ്ഥാന സർക്കാറും ശുചിത്വമിഷനും സഹകരിക്കാത്തത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനാൽ തുടർനടപടികളെക്കുറിച്ചൊന്നും ബഡ്ജറ്റിൽ പരാമർശമില്ല. അമൃതപദ്ധതിയുടെ പ്രവർത്തികൾ, പി.എം.എ.വൈ, നാലു ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകേണ്ടതിനാൽ പുതിയ പദ്ധതികൾ തുടങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും വൈസ് ചെയർമാൻ പറഞ്ഞു.
* ബഡ്ജറ്റിൽ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ വെറും തട്ടിപ്പ് മാത്രമാണ്. വികസനത്തിന് തടസമാകാതിരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിക്കാനും വേണ്ടിയാണ് യു.ഡി.എഫ് ഇറങ്ങിപോയിട്ടും തങ്ങൾ സഹകരിക്കാൻ തയ്യാറായതെന്ന് സി.പി.എം കൗൺസിലർമാർ വ്യക്തമാക്കി.