*ഈ വർഷത്തെ ഉയർന്ന ചൂട് 40

* മുൻകരുതലുമായി ആരോഗ്യവകുപ്പ്

പാലക്കാട്: മീനത്തിന് മുമ്പേ കത്തിയെരിയുന്ന ചൂടിൽ ഉരുകിയൊലിക്കുകയാണ് പാലക്കാട്. ഈ വർഷത്തെ ഉയർന്ന താപനിലയാണ് ഇന്നലെ മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയത്. 40 ഡിഗ്രി. കുറഞ്ഞ താപനില 26 ഡിഗ്രിയും. മലമ്പുഴയിൽ 36.2 ഡിഗ്രിയാണ് ഉയർന്ന താപനില. കുറഞ്ഞത് 24.8 ഡിഗ്രിയും.

തമിഴ്‌നാട്ടിൽ നിന്ന് വാളയാർ ചുരംവഴി വീശുന്ന വരണ്ട കാറ്റ് ജില്ലയിൽ ചൂടും ഉഷ്ണവും വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. കൂടാതെ കാടും മരങ്ങളും ചോലവനങ്ങളും കുറഞ്ഞതും ചൂടിന്റെ കാഠിന്യം വർദ്ധിക്കാൻ കാരണമാണെന്ന് അധികൃതർ പറയുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും കൂടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പൊതുവിൽ 2 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടിയേക്കും. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലയിൽ അഞ്ചിന് ശരാശരിയിൽ നിന്നും എട്ട് ഡിഗ്രിയിൽ അധികം ചൂട് വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


* ചിക്കൻപോക്സ് പടർന്നുപിടിക്കാം

താപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ചിക്കൻപോക്‌സ് പിടിപെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായുവിലൂടെയാണ് വൈറസ് പകരുന്നത്. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ആദ്യത്തെ ലക്ഷണങ്ങൾ. തുടർന്ന് ശരീരത്തിൽ ചെറിയ കുമിളകൾ രൂപപ്പെടും. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. ധാരാളം വെള്ളം കുടിക്കണം. ഏത് ആഹാരവും കഴിക്കാം. ചിക്കൻപോക്‌സിന് പ്രതിരോധ കുത്തിവെയ്പ്പും ലഭ്യമാണ്.

* സൂര്യാഘാതം ഒഴിവാക്കാൻ ശ്രദ്ധിക്കുക

പൊതുജനങ്ങൾ പകൽ 11 മുതൽ 3വരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം

നിർജലീകരണം തടയാൻ കുടിവെള്ളം കൈയിൽ കരുതുക


രോഗങ്ങൾ ഉള്ളവർ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക


പരമാവധി ശുദ്ധജലം കുടിക്കുക


അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക