ഷൊർണൂർ: കേരളത്തിന്റെ റെയിൽവേ ഭൂപടത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഷൊർണൂർ ജംഗ്ഷനോടുള്ള കാലാകലങ്ങളായുള്ള അവഗണന തുടരുന്നു. ദീർഘ ദൂര ട്രെയിനുകൾ വെട്ടിക്കുറച്ച് ഷൊർണൂരിന്റെ റെയിൽവേ വികസനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉന്നത ഉദ്യോഗസ്ഥ തലപ്പത്ത് നടക്കുന്നത്.

ഇപ്പോൾ ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പുള്ള 13351 ധൻബാദ് - അലപ്പി, 13352 അലപ്പി - ധനബാദ്, 12512 തിരുവനന്തപുരം - ഗോരക്പൂർ, 12511 ഗോരക്പൂർ - തിരുവനന്തപുരം, 16344 മധുര - തിരുവന്തപുരം, 16343 തിരുവനന്തപുരം - മധുര, 22646 തിരുവനന്തപുരം - അഹല്യാനഗരി, 22645 അഹല്ലാ നഗരി - തിരുവനന്തപുരം, 12522 തിരുവനന്തപുരം - ബറോണി, 12521 ബറോണി - തിരുവനന്തപുരം, 22648 തിരുവനന്തപുരം - കോർബ, 22647 കോർബ - തിരുവനന്തപുരം എന്നീ ട്രെയിനുകൾ ഏപ്രിൽ ഒന്നുമുതൽ ഷൊർണൂരിൽ നിന്ന് ഇല്ലാതാകും. ഇതിനെതിരെ യാത്രക്കാരും ബന്ധപ്പെട്ട അധികൃതരും സംഘടനകളും പ്രതികരിക്കണമെന്നതാണ് ഇപ്പോവുയരുന്ന ആവശ്യം.

അവഗണനയുടെ നീണ്ട ചൂളംവിളി
ഇതിന് മുമ്പും നിരവധി ട്രെയിനുകൾ ഷൊർണൂരിൽ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും പ്രതികരിക്കുന്നില്ലെന്നതാണ് അവഗണന തുടരാൻ കാരണം. ഷൊർണൂരിൽ അനുവദിച്ച ഭാരതപ്പുഴ റെയിൽവേ സ്റ്റേഷന്റെ അന്ത്യം കുറിപ്പിച്ചതും, ത്രികോണ റെയിൽവേ സ്റ്റേഷൻ, ബൾബ് സ്റ്റേഷൻ എന്നിവ നടക്കാതെ പോയതും ഈ പട്ടികയിൽ ഉൾപ്പെടും.

ആയിരത്തിലധികം റെയിൽവെ തൊഴിലാളികൾ പണിയെടുത്തിരുന്ന ലോക്കോ ഷെഡായിരുന്നു ആദ്യത്തെ അവഗണന. തുടർന്ന് ഗണേഷ്ഗിരിയിലെ റെയിൽവേ പാർക്ക്, റെയിൽവേ ഗ്രൗണ്ട്, റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഒന്നൊന്നായി ഇല്ലാതാക്കി. റെയിൽവേയുടെ അവഗണനയാൽ നഷ്ടപ്പെട്ട ഓരോ പദ്ധതിയും നടപ്പിലായിരുന്നെങ്കിൽ ലോക റെയിൽവേ ഭൂപടത്തിൽ തന്നെ ഷൊർണൂർ ജംഗ്ഷൻ ഇടം പിടിക്കുമായിരുന്നു.