photo
വെള്ളത്തായി മുത്തശ്ശി

കൊല്ലങ്കോട്: വടവന്നൂർ പെരിഞ്ചിറയിലെ വീട്ടിൽ വെള്ളത്തായി മുതുമുത്തശ്ശിക്ക് എന്നും അതിഥികളുണ്ടാകും. 110 വയസ് പിന്നിടുന്ന മുത്തശ്ശിയെ കാണാൻ വരുന്നവരിൽ കൂടുതലും വിദ്യാർത്ഥികളാണ്. മുത്തി എന്ന കുരുന്നുകളുടെ വിളികേട്ടാൽ ഇരുകൈകയും കൂപ്പി ചെറുപുഞ്ചിരിയുമായെത്തും വെള്ളത്തായി.

വാർദ്ധക്യത്തിന്റെ ശാരീരിക അവശതകൾ ഉണ്ടെങ്കിലും ഇതുവരെ ചികിത്സിക്കായി ആശുപത്രിയിൽ കിടന്നിട്ടില്ല. വല്ലപ്പോഴും പനി വന്നാൽ ആരോഗ്യ പ്രവർത്തകർ, അംഗൺവാടി ജീവനക്കാർ നൽകുന്ന ഗുളിക മാത്രം കഴിക്കും. പുതുതലമുറയ്ക്ക് ബി.പി, ഷുഗർ, മറ്റു രോഗങ്ങളും ആശുപത്രി വാസവും കഴിഞ്ഞ് സമയമില്ലാത്തപ്പോഴാണ് 110 ലും ചുറുചുറുക്കോടെ വെള്ളത്തായി അതിഥികളെ സൽക്കരിക്കുന്നത്. ഈ അടുത്ത കാലത്തായാണ് മുത്തശ്ശിക്ക് കാഴ്ചയും കേൾവിയും കുറഞ്ഞത് തുടങ്ങിയത്. നിലവിൽ നടക്കാനും മറ്റ് ആവശ്യങ്ങൾക്കും സഹായി ഉണ്ട്. വയസായെങ്കിലും കുളി ഇപ്പോഴും തണുത്തവെള്ളത്തിൽ മാത്രം.

മുതലമട മാമ്പള്ളത്തുള്ള വീട്ടിൽ നിന്ന് തന്റെ 12ാം വയസിലാണ് കണ്ടൻകുട്ടിയെ വിവാഹം കഴിച്ച് വടവന്നൂർ പെരിഞ്ചിറയിലേക്ക് എത്തിയത്. ഇവർക്ക് ആറ് പെൺമക്കളാണ്. പാറുക്കുട്ടി, അന്നമണി, പാഞ്ചാലി, കാർത്തിയായിനി, മാധവി, ദേവി എന്നിവരാണ് മക്കൾ. ഇവരും ഇവരുടെ പേരമക്കളുമാണ് വെള്ളത്തായുടെ ലോകം.

ബി.എസ്.എൻ.എൽ നിന്നു വിരമിച്ച മരുമകൻ സുബ്രഹ്മണ്യനാണ് ഇപ്പോൾ പരിചരിക്കുന്നത്. മുതുമുത്തശ്ശിയുടെ അനുഗ്രഹം നേടാനും ഒരു നോക്ക് കാണാനുമായി കഴിഞ്ഞദിവസം വടവന്നൂർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും മാനേജറും എത്തിയിരുന്നു. മുത്തശ്ശിക്ക് പൊന്നാട അണിയിച്ച് അനുഗ്രഹം വാങ്ങിയാണ് മടങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.