പാലക്കാട്: ജില്ലയിലെ കാലാവസ്ഥ വ്യതിയാനം തമിഴ്‌നാട്ടിൽ നിന്നമുള്ള ചെമ്മരിയാടു സംഘങ്ങളെയും ബാധിച്ചിരിക്കുകയാണ്.
സാധാരണ ഫെബ്രുവരി മുതൽ ഏപ്രിൽവരെ 10 - 20 സംഘങ്ങൾ വന്നിരുന്നത് ഇപ്പോൾ മൂന്നോ നാലോ ആയി ചുരുങ്ങി. കഞ്ചിക്കോട്, പുതുശ്ശേരി, കിണാശ്ശേരി, യാക്കര, പെരുവെമ്പ്, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി,മുണ്ടൂർ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ ചെറു സംഘങ്ങൾ എത്തിയിരിക്കുന്നത്.
പകൽ സമയത്ത് പാടത്ത് മേയാൻ വിടുന്ന ആടുകളെ സന്ധ്യയോടെ കെട്ടിയിടും. ആടുകളുടെ കാഷ്ഠം മണ്ണിന്റെ ഉൗർവരത വർദ്ധിപ്പിക്കും. ഇത്തരത്തിൽ ഒരേക്കർ പാടത്ത് ആടുകളെ മേയാൻ വിടുന്നതിന് 500 - 600 രൂപയാണ് കർഷകരിൽ നിന്നും ഈ സംഘങ്ങൾ വാങ്ങുന്നത്. കാലാവസ്ഥ വ്യതിയാനവും ഇടക്കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കേരളത്തിലെ കാർഷിക മേഖലയെ തളർത്തിയപ്പോൾ നഷ്ടമായത് ഇത്തരക്കാരുടെ ഉപജീവനമാർഗം കൂടിയാണ്. കേരളത്തിലെത്തുന്ന സംഘം കുറഞ്ഞത് നൂറ് കർഷകരുടെ പാടങ്ങളിൽ ആടുകളെ മേയാൻ വിടുമായിരുന്നു. ഇത്തവണ അത് ഗണ്യമായി കുറഞ്ഞുവെന്നും ഇത് വരുമാനം കുറയാൻ കാരണമാകുമെന്നും കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ആടുകളുമായെത്തിയ ആറുമുഖൻ പറയുന്നു.
മങ്കരയ്ക്കു സമീപം കണ്ണംപരിയാരത്ത് സ്വകാര്യ വ്യക്തിയുടെ നെൽപ്പാടത്താണ് ആറുമുഖന്റെ ചെമ്മരി ആടിൻകൂട്ടം ഇപ്പോൾ മേയുന്നത്. വെയിലിന്റെ കാഠിന്യവും ജലദൗർലഭ്യതയും ആടുകൾക്ക് ഭീക്ഷണിയാണ്. വർഷത്തിൽ രണ്ടുതവണ പ്രസവിക്കുന്ന കൂട്ടികൾക്ക് 5000 രൂപവരെ ലഭിക്കാറുണ്ട്. പ്രായമായ ആടുകളുടെ രോമം വെട്ടിമാറ്റുന്നതിലൂടെ വിപണിയിൽ 1000 - 1500 രൂപവരെ ലഭിക്കുന്നതു മാത്രമാണ് ഇപ്പോൾ ആടുവളർത്തുന്നതിലുള്ള വരുമാനമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയെങ്കിൽ വരുംകാലങ്ങളിൽ കേരളത്തിലെ നെൽപാടങ്ങലിൽ മേയാനെത്തുന്ന ചെമ്മരിയാടിൻ കൂട്ടങ്ങൾ ഓർമ്മയാകും.