വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലകളായ ഒളകര, പാലക്കുഴി വനമേഖലയിൽ ഒന്നര ആഴ്ചയായി നീണ്ടു നിൽക്കുന്ന തീപ്പിടുത്തത്തിൽ രണ്ടായിരം ഏക്കറോളം വനം കത്തി നശിച്ചു. പീച്ചി - വാഴാനി വനം വന്യജീവി സങ്കേതത്തിന്റെയും ആലത്തൂർ റെയിഞ്ചിന്റെയും കീഴിൽ വരുന്ന വന ഭാഗങ്ങളാണിത്. അഞ്ഞുറിലധികം കാട്ടുമരങ്ങൾ കത്തി നശിച്ചു.

പാലക്കുഴിയുടെ താഴ്ഭാഗമായി പാത്രക്കണ്ടം, കണച്ചിപ്പരുത എന്നിവിടങ്ങളിൽ വനാതിർത്തിയോട് ചേർന്നുള്ള പറമ്പുകളിലേക്കും തീപടർന്നു. ഏക്കർ കണക്കിന് കൃഷി നശിച്ചു. ഒളകര ഭാഗത്ത് നിന്നാണ് തീ തുടങ്ങിയത്. നാല് കിലോമീറ്റർ പിന്നിട്ട് പാലക്കുഴി മലയുടെ മുകളിലേക്ക് തീ പടർന്നു കൊണ്ടിരിക്കുകയാണ്. വനപാലകർ തീയണയ്ക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കണച്ചിപ്പരുതയിൽ വനാതിർത്തിയോട് ചേർന്നുള്ള ഡേവിസിന്റെ 40 ഏക്കറോളം വാഴത്തോട്ടം പൂർണമായും കത്തിനശിച്ചു. പാത്രക്കണ്ടം നെടിയാനി റെജിയുടെ ഒരേക്കറോളം റബറും കുരുമുളകും അടങ്ങുന്ന തോട്ടം, വാൽക്കുളമ്പ് യാക്കോബായ പള്ളിയുടെ അര ഏക്കറഓളം റബർ തോട്ടം, കൈതയ്ക്കൽ ഉറവ് പാച്ചാംപറമ്പിൽ മത്തായി, മേരി, വടക്കേക്കളം റോയി, കപ്പളയ്ക്കാമഠം സണ്ണി തുടങ്ങിയവരുടെ തോട്ടങ്ങളിലും തീ പടർന്നു. ആദ്യമായാണ് ഇത്രയധികം മേഖലയിൽ തീപ്പിടുത്തമുണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തീ പടരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വനാതിർത്തികളിൽ താമസിക്കുന്നവർ കരുതലോടെ തീ ഉപയോഗിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

രണ്ടായിരം ഏക്കറോളം വനം കത്തിനശിച്ച ഒളകര വനമേഖല