ആലത്തൂർ: കടലോരത്തിന് സമാനമായി സൂര്യാസ്തമയത്തിന്റെ നൈസർഗീയ സൗന്ദര്യം ആസ്വദിക്കാനായി ആയിരങ്ങളാണ് നെരങ്ങാൻപാറ കുന്ന് കയറിവരുന്നത്. ആലത്തൂരിൽ നിന്നും നാല് കിലോമീറ്ററും, എരിമയൂരിൽ നിന്നും ഏഴ് കിലോമീറ്ററും കുത്തനൂരിൽ നിന്ന് അഞ്ചു കിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാൽ നെരങ്ങാൻപാറയിലെത്താം.
കാവശ്ശേരി, ആലത്തൂർ, എരിമയൂർ, കുത്തന്നൂർ, തരൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥാനം കൂടിയായ ഈ മല മുകളിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച ആരേയും ആകർഷിക്കുന്നത്. കടലിൽ സൂര്യൻ താഴ്ന്നു പോകുന്നതുപോലെ മലമുകളിൽ നിന്നും സൂര്യൻ തഴോട്ട് പതിയെ പതിക്കുന്നത് കാണാൻ ദിവസവും നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്. വനം വകുപ്പിന്റെ അധീനതയിലാണ് ഈ സ്ഥലം. ഇന്ത്യയിലെ ഏക മയിൽ സങ്കേതമായ ചൂലന്നൂർ വനത്തിന്റെ കിഴക്കേ അറ്റം കൂടിയാണ്.
വനം വകുപ്പിന്റെ സഹകരണത്തോടെ ഇത് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ആലത്തൂർ ഗ്രാമപഞ്ചായത്ത് ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്. നേരത്തേ ജില്ലാ കൗൺസിൽ നിലവിൽ വന്നപ്പോൾ ഇവിടെ വിനോദസഞ്ചാര പദ്ധതി ആലോചിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.