artist
മലമ്പുഴ യക്ഷിപാർക്കിൽ നടക്കുന്ന ശില്പ ചിത്രകലാ ക്യാമ്പിൽ നിന്ന്

പാലക്കാട്: മരത്തിലും ലോഹത്തിലും പണിതീർത്ത പരമ്പരാഗതമായ ശില്പങ്ങൾ മലമ്പുഴയ്ക്ക് അഴക് കൂട്ടുന്നു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കുന്ന യക്ഷിയാനം പരിപാടിയുടെ ഭാഗമായി മലമ്പുഴ യക്ഷിപാർക്കിൽ നടക്കുന്ന പാരമ്പര്യ ഗ്രാമീണ ആദിവാസി ഗോത്ര ശില്പ ചിത്രകലാ ക്യാമ്പിലാണ് ആകർഷണീയമായ ശില്പങ്ങൾ പിറവിയെടുക്കുന്നത്. ആദിവാസി ഗോത്ര സംസ്‌കൃതിയുടെ ഭാഗമായ നൃത്തരൂപങ്ങളും ജീവിതവുമാണ് ശില്പങ്ങളിലൂടെ ഇവിടെ അനാവരണം ചെയ്യുന്നത്.
ഛത്തീസ്ഗഡ് കൊണഗോൺ ജില്ലയിലെ സോറി ഗ്രാമത്തിലെ ലോഹാർ എന്ന ആദിവാസി വിഭാഗത്തിലെ ശില്പികളാണ് മലമ്പുഴയിൽ ഇരുമ്പിൽ ശില്പം നിർമ്മിക്കുന്നത്. പ്രശസ്ത ലോഹാർ ശില്പികളായ മുന്ന ലാൽ, മിധുൻ കുമാർ, മഹേഷ് മർക്കാം, ബണ്ടിലാൽ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മരത്തിൽ ശില്പങ്ങൾ കൊത്തിയെടുക്കുന്ന മുറിയ ദാരു ശില്പകലയിലെ പ്രതിഭകളായ ശില്പികളുടെ സാന്നിധ്യവും ക്യാമ്പിലെ പ്രത്യേകതയാണ്. മരത്തിനടിയിൽ നൃത്തം ചെയ്യുന്ന ആദിവാസികൾ, വാദ്യഘോഷങ്ങളോടെ നൃത്തം ചെയ്യുന്ന രണ്ട് പുരുഷൻമാരും സ്ത്രീകളുമാണ് ആദിവാസി ശില്പികളായ പണ്ഡിറാം മണ്ഡവിയും ചുചയ സോധിയും മരത്തിൽ കൊത്തിയെടുത്തിരിക്കുന്നത്.
ഇവരോടൊപ്പം സമകാലീന കേരളീയ ശില്പകലാരംഗത്ത് ശ്രദ്ധേയരായ ശില്പികളും ഒപ്പമുണ്ട്. അഞ്ചടി ഉയരത്തിലുള്ള ശില്പം മഹാഗണി മരത്തടിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശില്പികളായ എ.കെ.ജയൻ, എ.കെ.എളവള്ളി എന്നിവരാണ് കേരളീയ ശൈലിയിലുള്ള ശില്പങ്ങൾക്ക് പിറവി നൽകുന്നത്.