fireforce
കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയർമാർക്ക് ജില്ലാ അഗ്‌നിരക്ഷാ വകുപ്പ് മേധാവി അരുൺ ഭാസ്‌ക്കറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു

പാലക്കാട്: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും നിയമാവബോധം നൽകുന്ന പാരാ ലീഗൽ വൊളന്റിയേഴ്സിന്റെ സേവനം ഇനിമുതൽ അപ്രതീക്ഷിത ദുരന്തസാഹചര്യങ്ങളിലും തുണയാവും. സർക്കാർ നിർദേശത്തെ തുടർന്ന് അഗ്‌നിരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയർ സംഘത്തിന്റെ ഭാഗമാവാൻ ജില്ലയിലെ പാരാ ലീഗൽ വോളന്റിയേഴ്സിന് നൽകുന്ന പരിശീലനം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി പാലക്കാടാണ് പാരാലീഗൽ വൊളന്റിയേഴ്സിനെ അഗ്‌നിശമനസേന പരിശീലനത്തിൽ പങ്കാളികളാക്കുന്നത്. പരിശീലനം പൂർത്തിയാക്കിയതിന് ശേഷം ഇവർക്ക് ഐ.ഡി കാർഡ് നൽകുമെന്ന് ജില്ലാ അഗ്‌നിശമന സേനാ മേധാവി അരുൺ ഭാസ്‌കർ അറിയിച്ചു.

അഗ്‌നിബാധ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രാഥമിക അഗ്‌നിശമനികളുടെ ഉപയോഗം, എൽ.പി.ജി - വൈദ്യുതി തുടങ്ങിയ അപകടങ്ങളിലെ മുൻകരുതലുകൾ, ബഹുനില മന്ദിരങ്ങളിലെ അഗ്‌നിശമന പ്രവർത്തനം, പ്രഥമശുശ്രൂഷാ രീതികൾ, ജലാശയങ്ങൾ- കിണറുകൾ എന്നിവയിലുണ്ടാകുന്ന അപകടങ്ങൾ, വാഹനാപകടങ്ങൾ, മണ്ണിടിച്ചിൽ എന്നീ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ട രീതികൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്.
ജില്ലയിൽ ഇതുവരെ കോളെജ് വിദ്യാർഥികൾ, അധ്യാപകർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ 1000ഓളം പേർ കമ്മ്യൂണിറ്റി റെസ്‌ക്യൂ വൊളന്റിയർ പദ്ധതിയിൽ അംഗമാണ്.