മലമ്പുഴയിൽ നടക്കുന്ന യക്ഷിയാനത്തിൽ ' പ്രകൃതി മനുഷ്യൻ കല 'എന്ന വിഷയത്തെക്കുറിച്ച് കാനായി കുഞ്ഞിരാമൻ സംസാരിക്കുന്നു

പാലക്കാട്: വർത്തമാന കാല കേരളീയ സമൂഹത്തിൽ മലയാളിയുടെ മനസിൽനിന്നും ജാതി ചിന്ത വിട്ടുപോവാത്തത് ശില്പകലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ശില്പി കാനായി കുഞ്ഞിരാമൻ അഭിപ്രായപ്പെട്ടു. മലമ്പുഴയിൽ നടക്കുന്ന യക്ഷിയാനത്തിൽ ' പ്രകൃതി മനുഷ്യൻ കല 'എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശില്പകലയെ ഇന്നും ജാതിവ്യവസ്ഥയുടെ ഭാഗമായാണ് പലരും കാണുന്നത്. മരത്തിൽ പണിയെടുക്കുന്നവൻ ആശാരിയെന്നും, വെങ്കലത്തിൽ പണിയെടുക്കുന്നവൻ മൂശാരിയെന്നും, കല്ലിൽ പണിയെടുക്കുന്നവൻ കല്ലാശാരിയെന്നും വ്യാഖ്യാനിക്കുന്ന കാലമാണിതെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു. പ്രകൃതിയിൽനിന്നും മനുഷ്യനും മനുഷ്യനിൽ നിന്ന് കലയും ഉണ്ടായി. കല മനുഷ്യമനസ്സിന്റെ വിസർജ്ജനമാണ്. കസ്തൂരിമാനിന്റെ വിസർജ്ജനം സുഗന്ധമുള്ളതുപോലെ കല സുഗന്ധവും ദുർഗന്ധവും കലർന്നതാണ്. മനസ്സിലെ കല ശുദ്ധീകരിച്ചാൽ മനുഷ്യൻ നന്നായി. കല മനുഷ്യന്റെ ജന്മഭാഷയാണ്. ഇത്തരമൊരു ജന്മഭാഷയുള്ള ജീവി മനുഷ്യനാണ്. പ്രകൃതിയിൽ സൗന്ദര്യവും കലയുമില്ലെന്നും നാം ഓരോരുത്തരുമാണ് സൗന്ദര്യം കണ്ടെത്തേണ്ടതെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു.
ഫോക്‌ലോർ അക്കാ‌ഡമി ചെയർമാൻ സി.ജെ.കുട്ടപ്പൻ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, ഒ.വി.വിജയൻ സ്മാരക സെക്രട്ടറി ടി.ആർ.അജയൻ എന്നിവർ സംസാരിച്ചു.