photo
സുലൈമാൻ

കൊല്ലങ്കോട്: സംസ്ഥാനത്ത് ചെറുതും വലുമായ നിരവധി മോഷണ കേസിലെ പ്രതിയായ പൾസർ സുലൈമാൻ എന്ന കണ്ണമ്പ്ര സുബൈർ മൻസിൽ സുലൈമാനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഒമ്പതിന് പയ്യല്ലൂർ ചാത്തൻചിറ രോഹിണി നിവാസിൽ നാരായണൻകുട്ടിയുടെ വീട്ടിൽ നിന്ന് 48 പവൻ സ്വർണവും 40000 രൂപയും മോഷണം പോയ കേസിലാണ് ഇയാളെ കൊല്ലങ്കോട് പൊലീസ് പിടികൂടിയത്.

വീടിന്റെ എത്ര ഉറപ്പുള്ള വാതിലാണെങ്കിലും പ്രത്യേകം ഉണ്ടാക്കിയ ആയുധം ഉപയോഗിച്ച് കുത്തിതുറന്ന് സ്വർണവും പണവും വീട്ടുപകരണങ്ങളും കവർന്ന ശേഷം പരിസത്തെ ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടിൽ പോയി ഒളിവിൽ താമസിക്കുന്നതാണ് സുലൈമാന്റെ രീതി. 300ഓളം കളവ് കേസുകളിൽ പ്രതിയായ സുലൈമാൻ 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പകൽ പൂട്ടിയിട്ട വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്ന രീതിയാണ് ഇയാളുടേത്. ചാത്തൻചിറയിൽ ഫെബ്രുവരി ഒമ്പതിന് വീട്ടുകാർ വീട് പൂട്ടി എറണാകുളത്ത് പോയപ്പോഴാണ് മോഷണം നടന്ന്. മോഷ്ടിച്ച സ്വർണാഭരണത്തിൽ 42 പവൻ കണ്ണമ്പ്രയിലെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 12ഓളം മോഷണം നടത്തിയ വിവരവും പുറത്തുവന്നു.

2014ൽ വിയ്യൂർ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ശേഷം ജില്ലക്കുള്ളിൽ നിരവധി മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. മുടപ്പല്ലൂർ കരിപ്പാലി സുമതിയുടെ എട്ടുപവൻ, നെന്മാറ സ്വദേശി സഹദേവന്റെ ബൈക്ക്, ആലത്തൂർ പരക്കാട് കാവ് സ്വദേശി മേരിയുടെ സ്വർണമാല എന്നിങ്ങനെ നിരവധി മോഷണം നടത്തിയതായി സുലൈമാൻ മൊഴി നൽകി.

സി.ഐ സി.കെ.പി.ബെന്നി, എസ്.ഐ കെ.എൻ.സുരേഷ്, എ.എസ്.ഐ സുരേഷ് കുമാർ. എസ്.സി.പി.ഒ ഗണേശൻ. പി.രാജേഷ്, വി.ചന്ദ്രൻ, സി.പി.ഒ ശിവപ്രകാശ്, എസ്.സി.പി.ഒ ജയകുമാർ, നസീറലി, റഹീം മുത്തു, ഡി.ഷെബീബ്, സി.പി.ഒമാരായ സാജിത ഷമീർ, വിനീഷ്, അഹമ്മദ് കബീർ, രജിത്, ദിലീപ്, സൂരജ്, ബാബു, കിഷോർ, സന്ദീപ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് സുലൈമാനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.