pana
ആലത്തൂർ എരിമയൂർ കലയം പറമ്പിനു സമീപം മുറിച്ചിട്ടിരിക്കുന്ന കരിമ്പന.

ആലത്തൂർ: കരിമ്പനകളുടെ നാടായി അറിയപ്പെടുന്ന ജില്ലയിൽ നിന്ന് കരിമ്പനകൾ കൂട്ടത്തോടെ അപ്രത്യക്ഷമാവുന്നു. ഇഷ്ടിക നിർമ്മാണത്തിന് വിറകായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കരിമ്പനകളാണ്. എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് ജില്ലയിൽ കൃഷിഭൂമി പാട്ടത്തിനെടുത്ത് ഇഷ്ടിക ചൂളകൾ നടത്തുന്നത്. ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ മേഖലകളിൽ ഇത്തരത്തിലുള്ള ചൂളകൾ നിരവധിയാണ്.

കരിമ്പനകൾക്ക് പുറമേ ജില്ലയിലെ നെൽകൃഷിയെയും ഇഷ്ടികചൂളകൾ നശിപ്പിക്കുകയാണ്. ഇടക്കാലത്ത് ജില്ലാ കളക്ടർ അനധികൃത കളങ്ങൾ സന്ദർശിച്ച് ഇഷ്ടിക പിടിച്ചെടുത്തിരുന്നു. സർക്കാരിന്റെ ഉത്തരവ് പ്രകാരം നെൽകൃഷി ചെയ്യുന്ന സ്ഥലത്ത് ഇഷ്ടിക നിർമ്മാണം നടത്തരുതെന്നും നടത്തിയ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കി കൃഷിക്കായി ഉപയോഗിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് റവന്യൂ വകുപ്പും നടപടിയെടുത്തിരുന്നു. ഇപ്പോൾ നടപടി ഇല്ലാതായതോടെ വീണ്ടും ഇഷ്ടിക ചൂളകൾ സജീവമായി.

ഇതോടെയാണ് കരിമ്പനകൾക്ക് കഷ്ടകാലം തുടങ്ങിയത്. പാലക്കാടിന്റെ സംസ്‌കാരത്തിലും സാഹിത്യത്തിലും കരിമ്പനകൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. നെല്ലറയുടെ സൗന്ദര്യമായ അവശേഷിക്കുന്ന കരിമ്പനകളെ സംരക്ഷിക്കാനും പുഴകളുടെയും ജലസേചന കനാലുകളുടെയും അരികുകളിലും കരിമ്പന കൃഷി ചെയ്യാനും കെൽപാം ആവിഷ്കരിച്ച പദ്ധതികളും നടപ്പായില്ല.