vijayaraghavan

പാലക്കാട്: അടുത്ത പ്രധാനമന്ത്രി ആരാകും എന്നതല്ല, ആരാകരുത് എന്നതിലാണ് ഇടതുമുന്നണി ശ്രദ്ധിക്കുന്നതെന്ന് കൺവീനർ എ.വിജയരാഘവൻ. മോദിയാകരുത് പ്രധാനമന്ത്രി എന്നതിനാണ് മുൻഗണന. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നത് കള്ളപ്രചരണമാണ്. എൽ.ഡി.എഫ് വർദ്ധിതമായ തരത്തിൽ പാർലമെന്റിൽ എത്താതിരിക്കാനുള്ള സംഘപരിവാർ ഗൂഢലോചനയ്ക്ക് ഒപ്പമാണ് കോൺഗ്രസ് എന്നും എൽ.ഡി.എഫ് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യവേ വിജയരാഘവൻ പറഞ്ഞു.

മോദിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുമ്പോൾ കേരളത്തിൽ അതു തകർക്കാനാണ് കോൺഗ്രസ് നീക്കം. രാഹുലിന്റെ കോൺഗ്രസാണോ മോദിയുടെ കോൺഗ്രസാണോ കേരളത്തിലുള്ളതെന്ന് ചെന്നിത്തല വ്യക്തമാക്കണം. ശബരിമലയിൽ ആചാരമുണ്ടാക്കിയത് ഹൈക്കോടതിയാണ്. സുപ്രീംകോടതി അതു മാറ്റി. മുഖ്യമന്ത്രി അതിൽ ഒന്നും ചെയ്തിട്ടില്ല. ശബരിമല വിഷയത്തിൽ കോൺഗ്രസ് ബി.ജെ.പിക്കൊപ്പം നിന്നു. ചെന്നിത്തലയും ശ്രീധരൻപിള്ളയും പറയുന്നതു കേട്ടാൽ വോട്ട് പാർലമെന്റിലേക്കല്ല, പതിനെട്ടാം പടിയിലേക്കാണെന്ന് തോന്നും- വിജയരാഘവൻ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ എ.കെ.ബാലൻ, എ.കെ.ശശീന്ദ്രൻ, സ്ഥാനാർത്ഥി എം.ബി.രാജേഷ്, സി.പി.ഐ ദേശിയ കൗൺസിൽ അംഗം കെ.ഇ.ഇസ്മയിൽ, എൽ.ഡി.എഫ് ജില്ലാ കൺവീനർ വി. ചാമുണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, എൻ.എൻ.കൃഷ്ണദാസ്, എം. ചന്ദ്രൻ, കെ.ആർ.ഗോപിനാഥ്, അഡ്വ. വി.മുരുകദാസ്, ജോസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.