കൊല്ലങ്കോട്: പലകപ്പാണ്ടി കനാലിൽ അടിഞ്ഞുകൂടിയ മണ്ണ് മഴക്കുമുമ്പേ നീക്കം ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പദ്ധതി പ്രദേശത്തു നിന്നും നാലു റീച്ചുകളിലായാണ് ചുങ്കളിയാർ ഡാമിൽ വെള്ളം എത്തുന്നത്. ഇതിൽ മൂന്ന് നാല് റീച്ചുകളിലും ഒന്നും രണ്ടും റീച്ചുകളിൽ ഭാഗികമായാണ് മണ്ണടിഞ്ഞിരിക്കുന്നത്. പലകപ്പാണ്ടി കനാലിൽ മണ്ണടിഞ്ഞ പ്രദേശം കാണാനെത്തിയതായിരുന്നു മന്ത്രി. കരാർ നൽകിയെങ്കിലും മണ്ണും മണലും ഏറ്റെടുക്കുന്നതിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് മണ്ണും മണലും കനാലിൽ നിന്നും നീക്കുവാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കെ.ബാബു എം.എൽ.എ, ജല അതോറിറ്റി ചെയർമാൻ അഡ്വ.മുരുകദാസ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.