waste
കൊല്ലങ്കോട് ഊട്ടറ ഗായത്രി പുഴപ്പാലത്തിന് സമീപം പാതയോരത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യം.

കൊല്ലങ്കോട്: ഊട്ടറ ഗായത്രി പുഴപാലത്തിന്റെ പാതയോട് ചേർന്നുള്ള ഭാഗങ്ങളിൽ മാലിന്യ നിക്ഷേപം തുടരുമ്പോഴും നടപടി എടുക്കാതെ പഞ്ചായത്ത് അധികൃതർ. ഇതിനെതിരെ പ്രതിഷേധവുമായി യാത്രക്കാരും നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. കൊല്ലങ്കോട് പുതുനഗരം പാതയിൽ ഗായത്രി പുഴപ്പാലത്തിന്റെ വശങ്ങളിലാണ് കോഴിവേയ്സ്റ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ചാക്കിൽ കെട്ടിയും അല്ലാതെയും നിക്ഷേപിക്കുന്നത്. മാംസ മാലിന്യങ്ങൾ ഭക്ഷിക്കാനായി എത്തുന്ന തെരുനായ്ക്കളുടെ ശല്യം വർദ്ധിച്ചത് ഇരുചക്രവാഹനം ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാവുന്നുണ്ട്. വടവന്നൂർ പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ താഴെയാണ് രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപം നടത്തുന്നത്. മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടും നിക്ഷേപം നടത്തുന്നവരെ കണ്ടെത്താനോ ഇവരെ പിടികൂടാൻ വേണ്ട നടപടിയോ പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്തു ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്നത്തിൽ ഉടൻ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.