ഒറ്റപ്പാലം: പുഴയോരത്ത് പഴയ ഓട്ട് കമ്പനിക്ക് സമീപം സ്വകാര്യ കുപ്പിവെള്ള കമ്പനി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റപ്പാലത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഒറ്റപ്പാലത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ (കോൺഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അസോസിയേഷൻ )യുടെ നേതൃത്വത്തിലാണ് ജലചൂഷണ നടപടിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നത്. നഗരസഭയടക്കം ബന്ധപ്പെട്ടവർക്ക് ഇതിനെതിരെ കോറ പരാതികൾ നൽകിയിരുന്നതായി 'കോറ ചെയർമാൻ പ്രൊഫ: രാജഗോപാലൻ നായർ കേരളകൗമുദിയോട് പറഞ്ഞു. വൻകിട കുടിവെള്ള പ്ലാന്റ് ആണ് ഒറ്റപ്പാലം നഗരസഭ പരിധിയിൽ സ്വകാര്യ കമ്പനി സ്ഥാപിക്കാനൊരുങ്ങുന്നത്. ഭാരതപ്പുഴയുടെ തീരത്തെ ജലലഭ്യത ചൂഷണം ചെയ്ത് പ്രവർത്തനം നടത്താനാണ് കമ്പനിയുടെ ശ്രമം. ജലക്ഷാമത്തിന് ഇത് കാരണമാകുമെന്ന ആശങ്കയാണ് ഒറ്റപ്പാലത്ത് ജനങ്ങൾ പങ്കുവെക്കുന്നത്. നാല് മാസം മുൻപാണ് പ്ലാന്റ് സ്ഥാപിക്കാൻ പട്ടാമ്പി ആസ്ഥാനമായ സ്വകാര്യ കമ്പനി അനുമതി തേടി ഒറ്റപ്പാലം നഗരസഭയെ സമീപിച്ചത്. ഇക്കാര്യം നഗരസഭ കൗൺസിൽ ചർച്ച ചെയ്ത് അനുമതി നൽകേണ്ടെന്ന തീരുമാനം കൈകൊണ്ടതായും ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതാണ് പ്ലാന്റ് സ്ഥാപിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായതെന്നും ഇതു സംബന്ധിച്ച് നഗരസഭ വിശദീകരിക്കുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുപ്പിവെള്ള കമ്പനിക്ക് അനുമതി നൽകാൻ നഗരസഭ നിർബന്ധിതമായി. പ്ലാന്റ് നിർമാണം തുടങ്ങുമ്പോൾ ജനങ്ങളുടെയും, കോറ പോലുള്ള സംഘടനകളുടെയും എതിർപ്പും പ്രതിഷേധവും പരാതികളും കണക്കിലെടുത്ത് ചർച്ച നടത്തി മാത്രമേ പ്ലാന്റിന് ലൈസൻസ് നൽകുകയുള്ളൂ എന്ന വിശദീകരണമാണ് നഗരസഭ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി നൽകുന്നത്.
കടുത്ത ജലക്ഷാമം നേരിടുന്ന ഒറ്റപ്പാലം മേഖലയിൽ കുപ്പിവെള്ള കമ്പനിയുടെ ജലമൂറ്റൽ പ്രവർത്തനം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് റസിഡന്റ്‌സ് അസോസിയേഷനുകളും, മറ്റ് സന്നദ്ധ സംഘടനകളും.
കമ്പനിക്ക് അനൂകൂലമായി
ഭൂഗർഭ ജല വകുപ്പ്
നിർദ്ദിഷ്ട കുപ്പിവെള്ള പ്ലാന്റ് പ്രവർത്തിക്കാൻ കണ്ടെത്തിയ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആവശ്യത്തിന് വെള്ളമുണ്ടെന്ന ഭൂഗർഭ ജലവകുപ്പിന്റെ സാക്ഷ്യപത്രം കമ്പനി ഹൈക്കോടതിയിൽ മുതലെടുത്ത് വിധി അനുകൂലമാക്കുന്നതിൽ പ്രധാന ഘടകമായി. പ്രതിദിനം ലക്ഷത്തിലേറെ ലിറ്റർ വെള്ളം ഊറ്റിയെടുത്ത് വേണം വാട്ടർബോട്ട്‌ലിംഗ് പ്ലാന്റിന് പ്രവർത്തിക്കാൻ. ഭൂഗർഭ ജലം ഊറ്റിയെടുത്ത് പ്രവർത്തിക്കാൻ ഉന്നമിട്ടിറങ്ങിയ സ്വകാര്യ കമ്പനിക്ക് ഭൂഗർഭ ജല വകുപ്പ് നൽകിയ ഈ അനുകൂല സർട്ടിഫിക്കറ്റ് ഒറ്റപ്പാലത്തെ ജനങ്ങൾക്ക് വിനയായി മാറി.