photo
വടവന്നൂർ കൃഷിഭവന്റെ സമീപം മേനങ്ങത്ത് പാടങ്ങളിൽ വെള്ളം നിറച്ച നിലയിൽ.

കൊല്ലങ്കോട്: കടുത്ത വേനലിൽ ഭൂഗർഭജലവിതാനം താഴ്ന്നു കൊണ്ടിരിക്കുകയും കുടിവെള്ളത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും പൊതുസ്ഥലങ്ങളിലെ ജലചൂഷണം തടയാനാകെ ജലവിഭവ വകുപ്പും കൃഷി വകുപ്പും നോക്കുകുത്തിയാവുന്നു.

കൊയ്ത്ത് ഒഴിഞ്ഞ ഉഴുതുമറിച്ച പാടങ്ങളിലാണ് കർഷകർക്ക് ലഭിക്കുന്ന സൗജന്യ വൈദ്യുതി ഉപയോഗിച്ച് 24 മണിക്കൂറും മോട്ടോർ പ്രവർത്തിച്ച് വെള്ളം കെട്ടി നിർത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നും മറ്റും വന്ന താറാവിനായാണ് പാടങ്ങളിൽ വെള്ളം കെട്ടി നിർത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇവരിൽ നിന്നും കർഷകർ പണം വാങ്ങിയാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്. കാർഷിക ആവശ്യത്തിനായി സർക്കാർ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്നുണ്ടെങ്കിലും മിക്ക കർഷകരും ഇത് ദുരുപയോഗം ചെയ്യുകയാണ്.

വിളവെടുപ്പ് കഴിഞ്ഞാലും ഇഷ്ടികച്ചൂളകൾക്കും മറ്റ് പല ആവശ്യങ്ങൾക്കുമായി കർഷകർ ജല ദുരുപയോഗം ചെയ്യുന്നു. വടവന്നൂർ കൃഷിഭവൻ മുന്നിൽതന്നെ പത്തുമീറ്റർ വ്യത്യാസത്തിലാണ് ഏക്കറുകണക്കിന് ഉഴുതുമറിച്ച പാടങ്ങളിൽ കർഷകർക്ക് അനുവദിച്ച സൗജന്യ വൈദ്യുതി ഉപയോഗിച്ച് മോട്ടോർ പ്രവർത്തിച്ച് വെള്ളം കെട്ടി നിർത്തുന്നത്.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജലലഭ്യതയുള്ള കുഴൽ കിണറിലെ മോട്ടോർ പ്രവർത്തിച്ച് ഇത്തരത്തിൽ ജലം ദുരുപയോഗം ചെയ്യുന്നത്. ജലചൂഷണം നടക്കുന്ന കർഷകർക്കെതിരെ നടപടിയെടുക്കാൻ കൃഷിഭവൻ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇങ്ങനെ വൈദ്യുതിയുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് നൽകുന്ന സൗജന്യ വൈദ്യുതി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി എടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
മീങ്കര കുടിവെള്ള പദ്ധതിയിൽ നിന്നും ഗാർഹികാവശ്യത്തിനായി എടുത്ത കണക്ഷനിൽ നിന്നും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയും പൂച്ചെടി വില്പനക്കായി ഊട്ടറയിൽ കള്ളുഷാപ്പിനെ മുന്നിലായി തയ്യാറാക്കിയിരിക്കുന്ന ചെടികൾ നനക്കുവാൻ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. പാതയോരത്തുള്ള പൊതുടാപ്പ് തുറന്നിട്ടും പൈപ്പ് ടാപ്പിൽ ഘടിപ്പിച്ചുമാണ് രാത്രിയും പകലിലും വെള്ളം എടുക്കുന്നത്. കുടിവെള്ളത്തിനും പാചകത്തിനായും കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളം ദുരുപയോഗം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.