ഒറ്റപ്പാലം: കേരളത്തിന്റെ റെയിൽവേ ഭൂപടത്തിൽ ഒറ്റപ്പാലം സ്റ്റേഷന് അർഹമായ പരിഗണനയോ, സ്ഥാനമോ ഇതുവരെ ലഭിച്ചിട്ടില്ല. ഷൊർണൂരിനും പാലക്കാടിനും ഇടയിൽ പ്രധാന സ്റ്റേഷനായി നിലകൊള്ളുന്ന ഒറ്റപ്പാലത്ത് നിരവധി ദീർഘദൂര തീവണ്ടികളാണ് നിർത്താതെ കൂകി പായുന്നത്.
ഷൊർണൂർ ജംഗ്ഷൻ സ്പർശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈൻവഴി ചൈന്നെ ഭാഗത്തേക്ക് കടന്ന് പോകുന്ന 50ലേറെ ദീർഘദൂര പ്രധാന ട്രെയിനുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കാൻ കഴിയും. ഇത് ഷൊർണൂരിനെ ആശ്രയിച്ചിരുന്ന മലബാറിലെ ആയിരകണക്കിന് യാത്രക്കാർക്ക് ഒറ്റപ്പാലം വലിയ ആശ്വാസമാകും. ഷൊർണൂരിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള ദൂരം 17 കിലോമീറ്ററാണ്. സമയനഷ്ട്ടത്തിന്റെ പേരിൽ ഷൊർണൂരിനെ തഴയുന്ന നിരവധി എക്സ്പ്രസ് ട്രെയിനുകളുണ്ട്. ഇവയ്ക്ക് തൃശൂർ വിട്ടാൽ പാലക്കാടാണ് ഇപ്പോൾ സ്റ്റോപ്പുള്ളത്. ഷൊർണൂരിനെ ആശ്രയിച്ചിരുന്ന യാത്രക്കാരെ സഹായിക്കാൻ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ കൂടുതൽ യാത്രാ വണ്ടികൾക്ക് സ്റ്റോപ്പ് നൽകാനുള്ള തീരുമാനം കൊണ്ട് കഴിയും. റെയിൽവെ രംഗത്ത് ഒറ്റപ്പാലത്തിന് പ്രതാപത്തിലേക്ക് ഉയരാനും ഇത് വഴിയൊരുക്കും. ഏറെ വർഷത്തെ പഴക്കമുള്ളതാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ. ഒറ്റപ്പാലത്ത് നിന്ന് ട്രെയിൻ കയറിപോയ പലരും രാജ്യത്തിന്റെ രാഷ്ട്രീയ രംഗത്തും നയതന്ത്ര രംഗത്തും പ്രശസ്തരായി മാറിയ അഭിമാനകരമായ ചരിത്രമുണ്ട്. ഈ നാടിന് കാലങ്ങൾക്കൊത്ത വികസനം റെയിൽവേ രംഗത്തും ഒറ്റപ്പാലത്തിന് കിട്ടിയില്ല.
താലൂക്ക് ആസ്ഥാനം കൂടിയായ ഒറ്റപ്പാലത്തിന്റെ റെയിൽവേ വികസനം ഈ മേഖലയുടെ സമഗ്ര പുരോഗതിക്ക് തന്നെ കളമൊരുക്കും. തൃശൂർ ജില്ലയിലെ ചേലക്കര, പഴയന്നൂർ, മായന്നൂർ, കൊണ്ടാഴി, കുത്താമ്പുളളി മേഖലയിലുള്ളവർക്കും ആശ്രയമാണ് ഒറ്റപ്പാലം. പ്രതിദിനം ആയിരത്തോളം യാത്രക്കാരും പതിനായിരത്തിലേറെ വരുമാനവുമുള്ള ഈ സ്റ്റേഷന് റെയിൽവേ ഇനിയും അർഹമായ പരിഗണന നൽകാൻ വൈകരുത് എന്നാണ് ജനങ്ങൾ പറയുന്നത്..