പാലക്കാട്: ജില്ലയിൽ ഇന്നലെ കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസിലെത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഇത് രേഖപ്പെടുത്തിയത്. 27 ഡിഗ്രിയാണ് കുറഞ്ഞ താപനില. മലമ്പുഴയിൽ 37.7 ഡിഗ്രിയാണ് കൂടിയ താപനില. കുറഞ്ഞ താപനില 25.5 ഡിഗ്രി. ഞായറാഴ്ച 38.3 ഡിഗ്രിയായിരുന്നു മലമ്പുഴയിലെ ഉയർന്ന താപനില.
കുറഞ്ഞ ചൂട് 24.7 ഡിഗ്രിയും രേഖപ്പെടുത്തി. ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ പെയ്തിരുന്നെങ്കിലും ചൂടിന് ശമനമുണ്ടായിട്ടില്ല.
കൊടുംചൂടിൽ കഴിഞ്ഞ ദിവസം മൂന്നു പേർക്കാണ് ജില്ലയിൽ പൊള്ളലേറ്റത്. കൊല്ലങ്കോട് സ്വദേശിനി സുജാത (40), എലവഞ്ചേരി സ്വദേശി സൗമൻ (40), പനങ്ങാട്ടിരി സ്വദേശി മണി (52) എന്നിവർക്കാണ് സൂര്യാഘാതമേറ്റത്. നേരത്തേ മണ്ണാർക്കാട് സ്വദേശിക്കും പൊള്ളലേറ്റിരുന്നു. ഇതോടെ ഈ മാസം ജില്ലയിൽ സൂര്യാഘാതമേറ്റവരുടെ എണ്ണം നാലായി.