ചെർപ്പുളശ്ശേരി: കർഷകർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ നടത്തുന്ന പുതിയ പരീക്ഷണങ്ങൾക്കും കണ്ടു പിടുത്തങ്ങൾക്കും നൽകുന്ന 'ആത്മ' കർഷക അവാർഡ് അടക്കാപുത്തൂരിലെ കർഷകനായ വി.ഗോപീകൃഷ്ണനു ലഭിച്ചു. കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ നിന്നും അകറ്റുന്നതിനായുള്ള പ്രത്യേകയിനം മരുന്നിന്റെ കണ്ടു പിടുത്തത്തിനാണ് അവാർഡ് ലഭിച്ചത്.
'ബോർഷീൽഡ്' എന്ന അറിയപ്പെടുന്ന കാട്ടുപന്നി പ്രതിരോധ മിശ്രിതമാണ് രസതന്ത്ര ബിരുദവും കംമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷനിൽ ഇന്റർനാഷണൽ ഡിപ്ലോമയും കരസ്ഥമാക്കിയ ഗോപീകൃഷ്ണൻ സ്വയം വികസിപ്പിച്ചെടുത്തത്. സോഫ്റ്റ് വെയർ പ്രോഗ്രമറായി കുറച്ചു കാലം ജോലി ചെയ്ത ഗോപീകൃഷ്ണൻ പിന്നീട് കാർഷിക മേഖലയിൽ വ്യാപൃതനാവുകയായിരുന്നു.
ഇപ്പോൾ കർഷകനും നളന്ദ അഗ്രോ നാച്വറൽസിന്റെ പ്രൊപ്രൈറ്ററുമായി പ്രവർത്തിക്കുന്നു. ഇന്ത്യനൂർ ഗോപിമാസ്റ്റർ നേതൃത്വം നൽകിയിരുന്ന അടക്കാപുത്തൂർ സെക്കൻഡറി സ്കൂൾ കമ്മിറ്റി, പി.ടി.ബി സ്മാരക ട്രസ്റ്റ് എന്നിവയിൽ അംഗം, സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് അടക്കാപുത്തൂരിന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
സ്വന്തം ആവാസ വ്യവസ്ഥയിൽ മനുഷ്യരുടെ അനിയന്ത്രിതമായ കടന്നുകയറ്റംമൂലം ആഹാര ലഭ്യത കുറയുമ്പോഴാണ് പന്നികളെപ്പോലെയുള്ള കാട്ടുമൃഗങ്ങൾ നാട്ടിൽ കാർഷിക വിളകളെ തേടി വരുന്നത്. വന്യമൃഗങ്ങളെ വേട്ടയാടരുതെന്ന നിയമം കർക്കശമാവുക കൂടി ചെയ്തപ്പോൾ കർഷകർ പ്രതിസന്ധിയിലായി. കാട്ടുപന്നികളെ കൊല്ലാതെയും ഉപദ്രവിക്കാതെയും കൃഷിയിടങ്ങളിൽ നിന്നും അകറ്റുന്ന മരുന്നാണ് ബോർഷീൽഡ്. കാരാകുറുശ്ശി, അടക്കാപുത്തൂർ, വെള്ളിനേഴി, ചെർപ്പുളശേരി എന്നിവിടങ്ങളിലെ നൂറു കണക്കിന് കർഷകർ ഈ മരുന്നിന്റെ ഗുണഭോക്താക്കളാണ്. കാർഷിക വിളകളെ കീടനാശിനി പ്രയോഗത്തിൽനിന്നും രക്ഷിച്ച് കീടങ്ങളെ അകറ്റുന്ന മിത്രകീടങ്ങളുടെ ഉത്പാദനവും ഗോപീകൃഷ്ണന്റെ പരീക്ഷണശാലയിൽ നടത്തിവരുന്നു.
റിട്ട. പോസ്റ്റ് മാസ്റ്റർ പി.രാജൻ മേനോൻ, പരേതയായ വി.ലക്ഷ്മിക്കുട്ടി എന്നിവരുടെ മകനായ അടക്കാപുത്തൂർ നളന്ദയിലെ ഗോപീകൃഷ്ണൻ കർഷകരുടെ സംശങ്ങൾ ദൂരീകരിച്ച് അവരെ സഹായിക്കാൻ സദാ സന്നദ്ധനാണ്. കഴിഞ്ഞ മാസം പാലക്കാട്ട് നടത്തിയ കാർഷിക മേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി ഗോപീകൃഷ്ണന് അവാർഡ് സമ്മാനിച്ചു.