വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നാലുനിലകെട്ടിടത്തിലെ തുണിക്കട പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ എട്ടുമണിക്കാണ് സംഭവം. വടക്കഞ്ചേരി ഗ്രാമം റോഡിലെ വസന്തം ഗ്രൂപ്പിന്റെ കനിഹ തുണിക്കടയാണ് കത്തിനശിച്ചത്. രാവിലെ കട തുറക്കാനായി എത്തിയ ജീവനക്കാരൻ ഷാഹുലാണ് തീ ആദ്യംകണ്ടത്.അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ വടക്കഞ്ചേരി പൊലീസ്, വടക്കഞ്ചേരി, ആലത്തൂർ അഗ്നിശമനസേനയുടെ ആറു യൂണിറ്റും ചേർന്ന് അഞ്ചു മണിക്കൂർ പരിശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏകദേശം രണ്ടു കോടിരൂപയുടെ നഷ്ടം ഉണ്ടായെന്ന് കടയുടമ പറഞ്ഞു. മൂന്ന് നിലകളിലുള്ള ഫർണീച്ചറുകളും തുണിത്തരങ്ങളും കെട്ടിടമുൾപ്പെടെ കത്തിനശിച്ചു. വൻതോതിൽ തീ പടരും മുമ്പേ തീ അണക്കുവാൻ കഴിഞ്ഞെങ്കിലും സമീപത്തെ നാലുകടകളും ഭാഗികമായും റോഡിന് എതിർവശത്തുള്ള മൂന്ന് കടകളുടെ ബോർഡുകളും കത്തി നശിച്ചു.
വ്യാപാരികൾപ്പെടെ നൂറു കണക്കിന് നാട്ടുകാർ തീ അണയ്ക്കുന്നതിന്നു നേതൃത്വം നൽകി.സംഭവത്തെ തുടർന്ന് ടൗണിലേക്കുള്ള വൈദ്യുതി വിതരണം ഉച്ചവരെ നിർത്തിവച്ചു. കൂടാതെ കിഴക്കഞ്ചേരി ഭാഗത്തെക്കുമുള്ള ഗതാഗതം അഞ്ചു മണിക്കൂർ ഭാഗികമായി സ്തംഭിച്ചു. കടക്കു മുന്നിൽ വെച്ചിരുന്ന വലിയ ഒരു ജനറേറ്ററും രണ്ട് ബൈക്കുകളും കത്തി നശിച്ചു. ഒരാഴ്ച മുമ്പ് മുതൽ കടയിൽ സ്റ്റോക്ക് വിറ്റഴിക്കൽ ബോർഡ് വച്ചിരുന്നു. ജില്ലയിലും അയൽ ജില്ലകളിലുമായി 14 സ്ഥാപനങ്ങൾ വസന്തം ഗ്രൂപിനുണ്ട്. കടയിലേക്ക് വന്ന ജീവനക്കാരിൽ പലരും കാഴ്ച കണ്ട് സ്തംഭിച്ച അവസ്ഥയായിരുന്നു.