വടക്കഞ്ചേരി: രാജ്യത്ത് മതനിരപേക്ഷ സർക്കാർ വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലത്തൂർ ലോക്സഭ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തെ നരേന്ദ്ര മോദി സർക്കാർ മതനിരപേക്ഷത ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. വർഗീയതയ്ക്ക് ആക്കം കൂട്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിർണായക ഘട്ടത്തിലാണ് രാജ്യം.
അതുകൊണ്ടുതന്നെ വരാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പക്കേണ്ടത് ആവശ്യമാണ്. നോട്ട് നിരോധിച്ചതുമൂലം രാജ്യത്ത് കർഷകരെയും സാധാരണ ജനങ്ങളെയും കഷ്ടത്തിലാക്കി കോർപറേറ്റുകൾക്കുള്ള വഴി ഉണ്ടാക്കി കൊടുത്തു. പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകര്യമേഖലകളാക്കി. ഇത് രാജ്യത്തെ അപകടത്തലേക്ക് താഴ്ത്തും. രാജ്യത്ത് എല്ലാ പ്രതിപക്ഷ പാർട്ടികളും നരേന്ദ്ര മോദിക്ക് എതിരെ നിൽക്കുന്ന ഈസാഹചര്യത്തിൽ കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പക്കേണ്ടത് ആവശ്യമാണ്. എന്നാൽ മാത്രമേ പ്രതിപക്ഷ പാർട്ടി രാജ്യം ഭരിക്കുമ്പോൾ മതനിരപേക്ഷത ശക്തിപ്പെടുവാനും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് പാർലമെന്റിൽ പ്രതികരിക്കുവാനും സാധിക്കൂ.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവർക്ക് ആർ.എസ്.എസ്സിന്റെ നിർദ്ദേശങ്ങൾ മാത്രമേ നടപ്പാക്കാൻ പറ്റുകയൊള്ളു. അത് രാജ്യത്ത് മതേതരത്വം ഇല്ലാതാക്കുന്നു. ഒട്ടേറെ മഹാത്മാക്കളെ സംഭാവന ചെയ്ത രാജ്യമാണ് ഇന്ത്യ. ഒന്നാം യു പി എ സർക്കാർ ഭരണകാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണ ഉള്ളതുകൊണ്ട് ഒട്ടേറെ ജനോപകാര പദ്ധതികൾ നടപ്പിലാക്കുവാൻ സാധിച്ചു. അത് മൂലം രണ്ടാം യുപിഎ സർക്കാരിന് അധികാരത്തിൽ വരാൻ സാധിച്ചെന്നും പിണറായി പറഞ്ഞു . വി ചാമുണ്ണി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.കെ ബിജു, മന്ത്രിമാരായ എ.കെ ബാലൻ , എ.സി.മൊയ്തീൻ , സി.പി.ഐ നേതാവ് കെ ഇ ഇസ്മായിൽ, എ ഭാസ്കരൻ, സികെ രാജേന്ദ്രൻ, കെ.ബാബു എം എൽ എ, പ്രേസേനൻ എം എൽ എ, അഡ്വ. മുരുകദാസ് , മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, പി കെ രാജൻ, കെ ധർമജൻ, എൻ ആർ ബാലൻ സംസാരിച്ചു.