പട്ടാമ്പി: സ്വത്തുവിവരം വെളിപ്പെടുത്തിയില്ലെന്ന സി.പി.എം കൗൺസിലർ കെ.സി.ഗിരീഷിന്റെ പരാതിയിൽ പട്ടാമ്പി നഗരസഭയിലെ 24 യു.ഡി.എഫ് കൗൺസിലർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 15 മാസത്തിനുള്ളിൽ സ്വത്തുവിവരം കാണിക്കണം.
എന്നാൽ ഇത് 30 മാസമായി നീട്ടി നൽകിയിട്ടും സ്വത്തുവിവര കണക്ക് യഥാസമയം സമർപ്പിക്കാത്തതാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് വിവരം. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതു സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. അതേസമയം സ്വത്തുവിവരം സമർപ്പിച്ച യു.ഡി.എഫിലെ കെ.എസ്.ബി.എ തങ്ങൾ, സി.പി.സജാദ്, ടി.പി.ഷാജി, കെ.ടി.റുഖിയ എന്നിവർക്കെതിരെ നടപടിയുണ്ടാകില്ല. എങ്കിലും 24 പേർ അയോഗ്യരായതിനാൽ നഗരസഭ ഭരണം പ്രതിസന്ധിയിലാവും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ പരാതി നൽകാനാണ് കൗൺസിലർമാരുടെ തീരുമാനം.