പാലക്കാട്: കഴിഞ്ഞ മെയ് 31ന് ഒലവക്കോട് പുതിയ പാലത്ത് കാർ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ, വരന്തിരിപ്പള്ളി തിരുവഞ്ചിക്കുളം സ്വദേശി രാഹുൽ എന്ന വട്ടയാൻ രാഹുൽ (28)നെയാണ് പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെരിന്തൽമണ്ണ, സ്വദേശി ഉമ്മറുൽ ഫാറൂഖിനെയാണ് രണ്ട് വാഹനങ്ങളിലായെത്തിയ കൊള്ളസംഘം കാർ തടഞ്ഞു നിർത്തി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത ശേഷം റോഡിലിറക്കി വിട്ടത്.
പിന്നീട് കാർ കുഴൽമന്ദത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. പാലക്കാട് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നു വരുന്നത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ എറണാകുളം, പറവൂർ സ്വദേശി സ്വരൂപ്, വടക്കഞ്ചേരി സ്വദേശി ഷിജു, വരന്തിരിപ്പള്ളി സ്വദേശികളായ സിജോ, മുകേഷ്, നിതീഷ്, സജീവ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. രാഹുലിന് നേരത്തെ വരന്തിരിപ്പളളി, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. രഹസ്യവിവരത്തിന്റ അടിസ്ഥാന പ്രതിയെ പിടികൂടിയത്. ഇനിയും കൂടുതൽ പ്രതികൾ ഈ കേസിൽ പിടിയിലാവാനുണ്ട്. ഇതേ സംഘം കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയിൽ കൂടുതൽ കവർച്ചകൾ നടത്തിവന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
പാലക്കാട് ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ് ഐ.ഡി.സതീഷ് കുമാർ, എസ്.സി.പി. കെ.വി.രാമസ്വാമി, സി.പി.ഒ ആർ.ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ് , എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്