കൊല്ലങ്കോട്: പാലക്കാട് - പൊള്ളാച്ചി ലൈനിൽ ഗേജ് മാറ്റം പൂർത്തിയാക്കി ഏറെ കഴിഞ്ഞിട്ടും നേരത്തെ സർവീസ് നടത്തിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ തയ്യാറാവാത്ത റെയിൽവേയുടെ നടപടിയും ജനപ്രതിനിധികളുടെ ഇടപെടലും കേന്ദ്രസർക്കാരിന്റെ നിലപാടും ലോക്സഭ തിരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാവും.
മീറ്റർ ഗേജ് ബ്രോഡ്ഗേജായി മാറ്റുന്നതിനായി സർവ്വീസ് നിർത്തിയ പത്ത് ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങിയാൽ യാത്രാപ്രതിസന്ധിക്ക് വലിയ പരിഹാരമാവുന്നതിനൊപ്പം ലൈൻ ലാഭത്തിലാക്കാനുമാവും. പാലക്കാട്-പൊള്ളാച്ചി റെയിൽപാതയുടെ വികസനത്തിനായി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് ജില്ലയിലെ എം.പിയുടെ അവകാശവാദം. കേന്ദ്രസർക്കാർ പാതയെ അവഗണിക്കുന്നെന്നാണ് ഇവരുന്നയിക്കുന്ന ആരോപണം.
പാലക്കാട് നിന്നും പൊള്ളാച്ചി വഴി രാമേശ്വരം വരെ പോവുന്ന റെയിൽപാത രണ്ടു വർഷത്തിനുള്ളിൽ ബ്രോഡ്ഗേജാക്കുമെന്ന വാഗ്ദാനമേകി 2008 ഡിസംബറിലാണ് സർവീസുകൾ നിർത്തലാക്കിയത്. തുടർന്ന് 400 കോടി രൂപ ചെലവിൽ ഏഴുവർഷം കൊണ്ട് ബ്രോഡ്ഗേജാക്കി മാറ്റിയ റെയിൽപാത 2015 നവംബറിൽ സമർപ്പിച്ചു. പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈൻ നഷ്ടത്തിലാണെന്ന് വരുത്താൻ പാലക്കാട് ഡിവിഷന്റെ സഹായത്തോടെ തമിഴ്നാട് ലോബി നടത്തുന്ന ഗൂഢനീക്കമാണ് ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. ഗേജ് മാറ്റത്തിനായി സർവീസ് നിർത്തി വീണ്ടും റെയിൽവേ ലൈൻ കമ്മിഷൻ ചെയ്യുമ്പോൾ പഴയ ട്രെയിനുകൾ പുനരാരംഭിക്കാറുണ്ട്.
പ്രക്ഷോഭം ശക്തമായപ്പോൾ തിരുവനന്തപുരം പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്കും ചെന്നൈ സെൻട്രൽ പഴനി എക്സ്പ്രസ് പാലക്കാട് വരേയ്ക്കും നീട്ടുകയാണ് ചെയ്തത്. മെയ് ഒമ്പതിന് അമൃതക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയിൽവേ വാഗ്ദാനവുമേകിയിട്ടുണ്ട്.