ഒറ്റപ്പാലം: സ്വകാര്യ കുപ്പിവെള്ള കമ്പനിക്ക് നൽകിയ എൻ.ഒ.സി ഒറ്റപ്പാലം നഗരസഭ റദ്ദാക്കി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. കുപ്പിവെള്ള കമ്പനിക്കെതിരായ ജനകീയ പ്രതിഷേധം സംബന്ധിച്ച് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ചില അംഗങ്ങൾ കൗൺസിലിൽ ഉന്നയിക്കുകയും വിഷയം ഗൗരവമായി കാണണമെന്ന മുന്നറിയിപ്പുമേകി.
തുടർന്നാണ് വിഷയം അജണ്ടയാക്കി വിശദമായി ചർച്ച ചെയ്ത് കമ്പനിക്ക് നൽകിയ പ്രവർത്തനാനുമതി റദ്ദാക്കുന്നതായി യോഗത്തിൽ നഗരസഭ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി അറിയിച്ചത്.
കുപ്പിവെള്ള കമ്പനിക്ക് നേരത്തെ നൽകിയ എൻ.ഒ.സി നഗരസഭ കൗൺസിലിൽ വേണ്ടത്ര ചർച്ച ചെയ്യാതെ സെക്രട്ടറിയും, മറ്റു ചിലരും ചേർന്ന് നൽകിയതാണെന്നും, ജലചൂഷണം കണക്കിലെടുത്തും ജനകീയ പ്രതിഷേധം മാനിച്ചും അനുമതി റദ്ദാക്കണമെന്ന് പല കൗൺസിലർമാരും ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ശക്തമായ നിലപാടെടുത്തു.