പാലക്കാട്: വനിതാമതിൽ കേരളത്തിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും അഭിമാനമുണ്ടാക്കുന്ന ഒന്നായിരുന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. മഹിളാ അസോസിയേഷൻ പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ പാർലിമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വനിതാമതിൽ അതിനൊരു ഉദാഹരണമാണെന്നും അവർ കൂട്ടിചേർത്തു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവരെ തിരഞ്ഞെടുക്കാൽ സ്ത്രീകൾ ശ്രദ്ധിക്കണം. വനിതാ പാർലിമെന്റിലൂടെ ഇത്തരമൊരു സന്ദേശമാണ് നൽകുന്നത്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പുറമെയുള്ളവരെക്കാൾ അകത്ത് നിന്നുള്ളവരിൽ നിന്നാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലം മോദി സർക്കാർ രാജ്യത്തെ ഐക്യവും അഖണ്ഡതയും തകർക്കുന്നതിന് പുറമെ ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്.ഇതിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് ഇടതുമുന്നണി വിഭാവനം ചെയ്യുന്ന മതേതര സർക്കാർ വരണം. ഈ തിരഞ്ഞെടുപ്പിലൂടെ അതിന് കളമൊരുക്കുന്നതിന് ജനങ്ങൾക്കുള്ള പങ്ക് വലുതാണെന്നും അവർ കൂട്ടിച്ചേർത്തു.
പരിപാടിയിൽ വനിതാ പാർലമെന്റ് ചെയർപേഴ്സൺ ബിനുമോൾ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കുമാരി, ഡോ. കദീജ മുതാംസ്, സുജാ സൂസൺ ജോർജ്ജ്, വി.സരള സംസാരിച്ചു.