വടക്കഞ്ചേരി: നവതിയുടെ നിറവിലും അതിർത്തിയിലെ സംഘർഷവും യുദ്ധ സന്നാഹവും വാർത്തകളിൽ നിറയുമ്പോൾ വിമുക്ത ഭടൻ ഔസേപ്പ് പൈലിയുടെ മനസുനിറയെ മഹായുദ്ധ സ്മരണകളാണ്. ഇന്നലെയായിരുന്നു പെരുമ്പാവൂർ നെടുങ്ങപ്ര കളമ്പാടൻ പൈലിയുടെ നൂറാം പിറന്നാൾ ആഘോഷം. കർഷക കുടുംബത്തിൽ ജനിച്ച പൈലി 25ാം വയസിലാണ് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ ചേർന്നത്.
കരസേനയിൽ ആളെടുക്കന്നതായി കേട്ട് കൂട്ടുകാർക്കൊപ്പം മദിരാശിക്ക് വണ്ടി കയറി. ശാരീരിക പരീക്ഷകൾ വിജയിച്ച് പട്ടാളക്കാരനായി. എന്നാൽ വീട്ടുകാർക്ക് അത്ര യോജിപ്പില്ലായിരുന്നു. പൂനെെയിലെ ക്യാമ്പിലായിരുന്നു പരിശീലനം. ജാപ്പനീസ് പടയെയും സുഭാഷ്ചന്ദ്ര ബോസിന്റെ ഐ.എൻ.എയെയും നേരിടാൻ ബർമ്മീസ് അതിർത്തിയിലേക്ക് പോകാൻ തയ്യാറെടുത്തു.കേട്ടുകേൾവി മാത്രമായ യുദ്ധം കൺമുമ്പിലേക്ക്. കാഴ്ചക്കാരനല്ല, പടയാളിയായി പോകണം. മനസ്സിൽ പോരാട്ട വീര്യം നിറയുമ്പോഴും ആശങ്കയ്ക്ക് കുറവില്ല. അപ്പോഴാണ് ആശ്വാസ വാർത്ത, ജപ്പാനും ജർമ്മനിയും കീഴടങ്ങി. ലോകമഹായുദ്ധം അവസാനിച്ചു. മൂന്ന് വർഷത്തെ പട്ടാളസേവനം അവസാനിപ്പിച്ചത് രാജ്യം സ്വതന്ത്രമായതോടെയാണ്. നാട്ടിൽ തിരിച്ചെത്തി വീണ്ടും കൃഷിപ്പണിയിലേക്ക്. എല്ലാ കാര്യങ്ങൾക്കും പിന്നെയൊരു പട്ടാളച്ചിട്ടയായി.
ജീവിത സഖിയായി മേരി എത്തി. ഏഴ് മക്കൾ. റിട്ട. നെഴ്സ് എൽസി, റിട്ട. ബാങ്ക് മനേജർ ജോസഫ്, റിട്ട. എച്ച്.ഐമാരായ ഫിലോമിന, വർഗീസ്, സ്വിറ്റ്സർലൻഡിൽ നഴ്സായ ആന്റണി, തിരൂരിൽ അദ്ധ്യാപകനായ സജി, പാലക്കാട് രൂപതയിലെ ആലത്തൂർ ഇടവക വികാരി ഫാ.മാർട്ടിൻ കളമ്പാടൻ എന്നിവരാണ് മക്കൾ. ഭാര്യ മേരി രണ്ട് വർഷം മുമ്പ് മരിച്ചു. മകൻ വർഗീസിനൊപ്പമാണ് ഇപ്പോൾ താമസം.
ദിവസവും രാവിലെ അഞ്ചിന് എഴുന്നേൽക്കും. പ്രഭാതകൃത്യങ്ങൾക്ക് ശേഷം കൃഷിയിടത്തിലൊന്ന് ചുറ്റും. കപ്പ, ചോറ്, മീൻ തുടങ്ങി എല്ലാ ഭക്ഷണവും മിതമായി കഴിക്കും. പ്രായത്തിന്റേതായ പരിമിതകൾ ഒഴികെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന ജന്മദിനാഘോഷത്തിൽ പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ കാർമ്മികത്വത്തിൽ കൃതഞ്ജതാ ബലി അർപ്പിച്ചു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിൽകുന്നിൽ പങ്കെടുത്തു.