പട്ടാമ്പി: കുന്തിപ്പുഴയുടെ പുലാമന്തോൾ തോണിക്കടവിൽ താത്ക്കാലിക തടയണയുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ അഞ്ച് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. ജില്ലാ പഞ്ചായത്ത് നാലു വർഷം മുമ്പ് നിർമ്മിച്ച സ്ഥിരംതടയണ രണ്ടുമാസം മുമ്പ് തകർന്നിരുന്നു. താൽകാലിക തടയണ നിർമ്മാണം ടെണ്ടർ ചെയ്യാതെ സ്വകാര്യ കരാരുകാരന് കൊടുക്കാനുള്ള നീക്കം പുറത്തായതോടെ ഇതിനെ ചൊല്ലിയുള്ള തർക്കവും മുറുകിയിട്ടുണ്ട്.
നാലു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച തടയണയിലെ വെള്ളം പൂർണമായും വറ്റിയതോടെ പുഴയോര പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഇതേതുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ പഞ്ചായത്ത് അധികൃതർ ജില്ലാ പഞ്ചായത്തിനെ സമീപിക്കുകയും തയണയുടെ പുനർനിർമ്മാണം വൈകുമെന്നും താൽകാലിക തടയണ പണിയാൻ 15 ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ കക്ഷിയോഗത്തിൽ താൽകാലിക തടയണ പണിയാൻ ജനകീയ സമതി രൂപീകരിച്ചു. തടയണയുടെ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തികൾഎങ്ങുമെത്തിയില്ല. തടയണ പണിയാനായി പുഴയിൽ കൂട്ടിയിട്ട മണൽ ചാക്കുകൾ നശിക്കാൻ തുടങ്ങി. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ജനകീയ കൂട്ടായ്മയിൽ നിന്ന് വിട്ടു നിന്നതോടെയാണ് തയണയുടെ നിർമ്മാണം
അനിശ്ചിതത്വത്തിലായത്. അരലക്ഷം രൂപയ്ക്ക് മുകളിലുള്ള മരമാത്ത് പണികൾ ടെണ്ടർ വിളിക്കാതെ പണി തുടങ്ങാനാകില്ല. പഞ്ചായത്ത് ഭരണസമിതി രണ്ടര ലക്ഷം രൂപയുടെ പണി ടെണ്ടർ വിളിക്കാതെ സ്വകാര്യ വ്യക്തിക്ക് കരാർ കൊടുത്തതാണ് പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കാൻ കാരണം. തടയണ നിർമ്മാണത്തിൽ അഴിമതി നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. തടയണയുടെ നിർമ്മാണം മുടങ്ങിയതോടെ നിലവിൽ അഞ്ചു പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.