ചെർപ്പുളശ്ശേരി: വെള്ളിനേഴി ഗവ. ഹൈസ്കൂളിൽ നിലവിലുണ്ടായിരുന്ന കലാപഠന കോഴ്സുകൾ പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. വെള്ളിനേഴിയിൽ കലാമണ്ഡലം രാമൻകുട്ടി നായർ അനുസ്മരണവും നിവാപം പുരസ്കാര സമർപ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിനേഴി ഗവ. ഹൈസ്കൂളിൽ കഥകളി, ചെണ്ട, സംഗീതം എന്നിവയ്ക്ക് പ്രത്യേകം ക്ലാസുകളുണ്ടായിരുന്നു. കലാഗ്രാമമായതോടെ ഇതെല്ലാം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.
ചടങ്ങിൽ പി.കെ.ശശി എം.എൽ.എ അദ്ധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി രാമൻകുട്ടി നായർ അനുസ്മരണ പ്രഭാഷണം നടത്തി. നിവാപം കഥകളി പുരസ്കാരം കലാനിലയം ബാലകൃഷ്ണൻ, ഗ്രാമകലാ പുരസ്കാരം പുട്ടക്കുഴി ശിവദാസൻ, രാജസം പുരസ്കാരം കലമണ്ഡലം വെങ്കിട്ടരാമൻ, സാത്വികം കഥകളി പുരസ്കാരം കാവുങ്കൽ ദിവാകര പണിക്കർ എന്നിവർക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ.ദേവി, കെ.ഹരിദാസൻ, ഒ.വിജയകുമാർ, സി.കെ.ഹരിദാസൻ സംസാരിച്ചു. തുടർന്ന് കലാപരിപാടിയും കഥകളിയും അരങ്ങേറി.