പാലക്കാട്: ജില്ലയിൽ വേനൽ ചൂടിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് തീപിടിത്തങ്ങളും കൂടുന്നു. ഈ വർഷം മാർച്ച് വരെ പാലക്കാട്, കഞ്ചിക്കോട്, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലായി 351 ഫയർ കോളുകളുണ്ടായി. പാലക്കാട് നഗരപരിധിയിൽ മാത്രം നഷ്ടം എട്ടുലക്ഷം രൂപയും. വേനൽ രണ്ടുമാസം പിന്നിടുമ്പോൾ തന്നെ ഇത്രയും കോളുകൾ വളരെ കൂടുതലാണെന്ന് അധികൃതർ പറഞ്ഞു.
ചൂട് കൂടുന്തോറും ഒഴിഞ്ഞ പറമ്പുകൾ, വീടുകളുടെ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉണങ്ങിനിൽക്കുന്ന കുറ്റിചെടികളും പുല്ലുകളും കത്തുന്നതാണ് തീപിടിത്ത സംഭവങ്ങളിൽ അധികവും. ജനങ്ങളുടെ അശ്രദ്ധമൂലം ഇത്തരം സ്ഥലങ്ങളിൽ തീപിടിക്കുന്നത് കൂടുതലാണ്. കൂടാതെ ജില്ലയിൽ രണ്ടാംവിള കൊയ്ത്ത് സജീവമായ സാഹചര്യത്തിൽ പാടങ്ങളിൽ കൂട്ടിയിടുന്ന വയ്ക്കോൽ കൂനകൾക്കും തീപിടിത്തം ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇത്തരം പരിസരങ്ങൾ കർഷകർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. പാലക്കാട് ഫയർ സ്റ്റേഷൻപോലെ മറ്റ് സ്റ്റേഷനുകളിലും ഇത്തവണ ഫയർ കോളുകളുടെ എണ്ണം കൂടുതലാണ്.
ശ്രദ്ധിക്കണം ഇവ
ഒഴിഞ്ഞ പറമ്പുകൾ, വീടുകളുടെ പരിസരം എന്നിവിടങ്ങളിലെ പുല്ലുകളും മറ്റും വെട്ടി വൃത്തിയാക്കുക.
മാലിന്യങ്ങളും മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോൾ സമീപത്തേക്ക് തീപടരാതെ ശ്രദ്ധിക്കുക.
വൈക്കോൽ കൂനകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.
ട്രാൻസ്ഫോർമറുകളുടെ ചുവട്ടിലും പരിസരത്തും മാലിന്യങ്ങൾ കത്തിക്കാതിരിക്കുക.
ചെറിയ തീപിടിത്തങ്ങൾ ഉണ്ടായാൽ ഉടൻ തീ
പൂർണമായി അണക്കുക.